ജിയോയുമായി മത്സരിക്കാനൊരുങ്ങി എയര്‍ടെല്‍; 2500 രൂപയുടെ 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കും

single-img
22 August 2017

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോയുമായി മത്സരിക്കാനൊരുങ്ങി ഭാരതി എയര്‍ടെല്‍. ജിയോ 4ജി സ്മാര്‍ട് ഫോണിന് സമാനമായി ദീപാവലിയോടനുബന്ധിച്ച് 2500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനാണ് എയര്‍ടെല്ലിന്റെ തീരുമാനം.

റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ പോലെ വന്‍തോതില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും എയര്‍ടെല്‍ ഒരുക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ രണ്ട് ടെലികോം ഭീമന്മാരും തമ്മില്‍ കടുത്ത മത്സരം തന്നെയായിരിക്കും ഉണ്ടാവുക.

ജിയോഫോണില്‍നിന്ന് വ്യത്യസ്തമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതാകും ഫോണുകള്‍. വലിയ സ്‌ക്രീന്‍, മികച്ച കാമറയും ബാറ്ററിയും ഉറപ്പുവരുത്തുന്നതാകും സ്മാര്‍ട്ട് ഫോണ്‍. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരത്തിലോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുക.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് നിര്‍മിക്കുക. ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുമായി ഇതേക്കുറിച്ച് ചര്‍ച്ചനടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല.