ബാങ്കിംഗ് ഇടപാടുകള്‍ തടസ്സപ്പെട്ടു: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

single-img
22 August 2017

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. ജീവനക്കാരും ഓഫീസര്‍മാരും സമരത്തില്‍ പങ്കുചേര്‍ന്നതിനാല്‍ ബാങ്കിംഗ് ഇടപാടുകള്‍ തടസ്സപ്പെട്ടു. അതേസമയം സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. ഒന്‍പത് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സ്വകാര്യവല്‍കരണ ലയന നീക്കങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതി തള്ളരുത്, ബാങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, ജിഎസ് ടിയുടെ പേരിലെ സര്‍വീസ് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

മനപ്പൂര്‍വം കുടുശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നും, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ബാങ്ക് യൂണിയനുകള്‍ ആവശ്യം ഉന്നയിക്കുന്നു. ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. പത്തുലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കുന്നതെന്ന് യുഎഫ്ബിയു അറിയിച്ചു