മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ എത്തിക്കാനുള്ള കുതന്ത്രങ്ങളുമായി അമിത് ഷാ കേരളത്തിലേക്ക്

single-img
22 August 2017

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ വിഭാഗങ്ങളെ ലയിപ്പിക്കുകയെന്ന പദ്ധതി വിജയിച്ചതോടെ ദക്ഷിണേന്ത്യ പിടിക്കാന്‍ കേരളത്തെയും തെലങ്കാനയെയും ലക്ഷ്യംവെച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ കോണ്‍ഗ്രസിനെയും തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയെയും പിളര്‍ക്കാനാണ് അമിത് ഷായുടെ അടുത്ത പ്ലാന്‍.

അമിത് ഷാ എന്ന തന്ത്രശാലി നേരിട്ടാണ് കേരളത്തിലെ പദ്ധതി നടപ്പാക്കല്‍ ഏറ്റെടുക്കുന്നത്. കേരളത്തിലെ രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് അമിത് ഷാ ഇതിനായി ലക്ഷ്യമിടുന്നത്. ഇരു നേതാക്കളെയും ബിജെപി പാളയത്തിലെത്തിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സര്‍വേയിലെ റിപ്പോര്‍ട്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും വിപുലീകരണത്തിനു സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ സങ്കുചിത നിലപാടുകളാണ് തടസ്സമെന്നാണ് അമിത് ഷായുടെ നിഗമനം. കേന്ദ്ര നേതൃത്വം മുന്‍പു നിയോഗിച്ചിരുന്ന നേതാക്കളുമായി ആര്‍എസ്എസ് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിന്റെ പ്രവര്‍ത്തനകേന്ദ്രം ബെംഗളൂരുവിലേക്കു മാറ്റിയിട്ടുണ്ട്. തെലങ്കാനയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവാകും ചുക്കാന്‍ പിടിക്കുക. ടിആര്‍എസിനെ പിളര്‍ക്കാനായി പാര്‍ട്ടി എംപി ജിതേന്ദര്‍ റെഡ്ഡിയുമായി ബിജെപി നേതൃത്വം കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ എഐഡിഎംകെ വിഭാഗങ്ങളുമായി ലയന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ച സംഘപരിവാര്‍ നേതാക്കളായ ഗുരുമൂര്‍ത്തി, പ്രദീഷ് വിശ്വനാഥന്‍ എന്നിവരുടെ പ്രവര്‍ത്തനം തെലങ്കാനയിലേക്കു മാറ്റാനും അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2019 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത് ഷാ യുടെ നേരിട്ടുള്ള നീക്കങ്ങള്‍. ഇരു സംസ്ഥാനങ്ങളിലെയും നീക്കങ്ങളുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം അറിയിക്കാന്‍ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിര്‍ദേശിച്ചിട്ടുമുണ്ട്.