കേരളത്തിലെ തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ ‘വിവേഗ’മെത്തുന്നു; റിലീസിങ് മൂന്നൂറോളം കേന്ദ്രങ്ങളില്‍

single-img
22 August 2017

 

ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കബാലിയുടെയും തെരിയുടെയും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച തല അജിത്തിന്റെ വിവേഗം തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ ഓഗസ്റ്റ് 24ന് റിലീസിങ്ങിനൊരുങ്ങുന്നു. ഒരിടവേളയ്ക്കുശേഷം അജിത് വിവേഗവുമായി വരുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കും എന്നു തന്നെയാണ് വ്യക്തമാവുന്നത്.

ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടും അവാര്‍ഡ് നിശകളും താരനിശകളും പ്രമോഷനുകളും ഒഴിവാക്കിയും തിയറ്ററുകളില്‍ മാത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന തല എന്ന അജിത് കുമാറിന് കോളിവുഡിലുള്ള സ്വീകാര്യത മറ്റാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്.

കേരളത്തിലെ സ്ഥിതിയും മറിച്ചല്ല, ഏറ്റവുമധികം മലയാളി ആരാധകരുള്ള തമിഴ് നടന്‍മാരിലൊരാളാണ് അജിത്ത്. അതുകൊണ്ടുതന്നെ കേരളത്തില്‍ മൂന്നൂറോളം കേന്ദ്രങ്ങളില്‍ തലയുടെ ചിത്രമെത്തിക്കാനാണ് വിതരണക്കാരായ മുളകുപാടം ഫിലിംസിന്റെ ശ്രമം.

അപൂര്‍വമായി മാത്രമേ ഇത്തരത്തില്‍ ഒരു തമിഴ് ചിത്രത്തിന് മലയാള ചിത്രങ്ങളേക്കാള്‍ വലിയ റിലീസ് ലഭിക്കാറുള്ളൂ. രജനികാന്ത് വരുമ്പോഴാണ് പലപ്പോഴും അത് സംഭവിക്കാറ്. കൂടാതെ തെലുങ്ക് ചിത്രം ബാഹുബലിക്കും മികച്ച വരവേല്‍പ്പാണ് കേരളത്തില്‍ ലഭിച്ചത്. എന്നാല്‍ കേരളത്തിലെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ബാഹുബലിയുടേയും കബാലിയുടേയുമെല്ലാം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കാന്‍ എത്തുകയാണ് തലയുടെ വിവേഗം.

ഓണം റിലീസായി നിരവധി മലയാള ചിത്രങ്ങള്‍ എത്താനുണ്ട്. അതു പരിഗണിച്ച് അതിന് മുന്‍പുള്ള ഒരാഴ്ച പരമാവധി തീയറ്ററുകള്‍ ലഭ്യമാക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. 120 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ആദ്യ ആഴ്ച്ചയില്‍ത്തന്നെ ഇത് മറികടന്ന് ലാഭത്തിലേക്കാക്കാനാണ് അണിയറയില്‍നിന്നുള്ള ശ്രമം. ചിത്രത്തിന് മിക്ക കേന്ദ്രങ്ങളിലും ഇന്നുമുതല്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ വിവേഗത്തിന്റെ ഓണക്കാലത്തുള്ള റിലീസിങ് ചിത്രത്തിന് നന്നായി ഗുണം ചെയ്യും. ഒരാഴ്ച്ച തിയേറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ ഓണക്കാല പ്രേക്ഷകര്‍ ചിത്രത്തിന് ലഭിക്കും. കേരളത്തില്‍ തമിഴ് ചിത്രങ്ങള്‍ കാണുന്ന പ്രേക്ഷകര്‍ തമിഴ് ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണം നല്‍കുന്നുണ്ട്. പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍കൂടി ചിത്രത്തിന് ലഭിച്ചാല്‍ ബ്ലോക്ബസ്റ്ററായി മാറാന്‍ വിവേഗത്തിന് കഴിയും. നേരത്തെ ഈ മാസം പത്തിനെത്തുമെന്നറിയിച്ച ചിത്രത്തിന്റെ റിലീസ് 24ലേക്ക് മാറ്റുകയായിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന അജിത്തിന്റെ 57ാമത് ചിത്രമാണ് വിവേഗം. ഇതിന് മുമ്പ് തല കരിയറില്‍ ഇത്ര നീണ്ട ഇടവേള സ്വീകരിച്ചത് ഫോര്‍മുലാ ടു തയ്യാറെടുപ്പിനായാണ്. അജിത്തിന്റെ അഭിനയ ജീവിതത്തിലെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വിവേകം പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാത്രമല്ല വീരം, വേതാളം എന്നീ സിനിമകള്‍ക്ക് പിന്നാലെ ശിവയുടെ രചനയിലും സംവിധാനത്തിലും അജിത് നായകനാകുന്ന ചിത്രം കൂടിയാണ് വിവേഗം.

അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു സ്‌പൈ ത്രില്ലറായിരിക്കും വിവേഗം. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയില്‍ ഇന്റര്‍പോള്‍ ഓഫീസറുടെ റോളിലാണ് അജിത്. ബൈക്ക് ചേയ്‌സും സിക്‌സ് പാക്കും ബോംബ് സ്‌ഫോടനവും ഷൂട്ട് ഔട്ടും ഒക്കെയായി ഒരു ബോണ്ട് സീരീസ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിലെ ചില ബൈക്ക് സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെടെ അജിത് ഡ്യൂപ്പില്ലാതെ അഭിനയിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് വില്ലനായെത്തുന്നത് അനിരുദ്ധ് സംഗീതം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്.