മുത്തലാഖ് കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി ഇന്ന്

single-img
22 August 2017

മുത്തലാഖ് കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിക്കുക.
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും മാന്യതയും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് രീതികള്‍ എന്ന വാദങ്ങള്‍ പരിശോധിച്ചായിരിക്കും വിധി.

മുത്തലാഖ്, ബഹുഭാര്യത്വം വിഷയങ്ങളില്‍ വിധി നിര്‍ണായകമാകും. 15 വർഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേർപെടുത്തിയ സൈറാ ബാനു, 2016ൽ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീൻ റഹ്മാൻ, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പർവീൺ, ദുബായിൽനിന്ന് ഫോണിലൂടെ ഭർത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തിൽ നീതി തേടി കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൻ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യൻ, പാഴ്സി, ഹിന്ദു, മുസ്‌ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്.

മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് അനുവദിച്ചത്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്‌ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസിൽ കക്ഷിചേർന്നിരുന്നു.