അത്യുഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിനായി ഉത്തരകൊറിയ തയ്യാറാകുന്നു

single-img
21 August 2017

ഒരിടവേളയ്ക്കു ശേഷം അത്യുഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ വീണ്ടും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഉത്തരകൊറിയയുടെ ഈ നീക്കം സൂചിപ്പിക്കുന്നത്.

5000 മുതല്‍ 10000 കിലോമീറ്റര്‍ വരെയാണ് ഇത്തരം മിസൈലുകളുടെ പരിധി. ഉത്തരകൊറിയയുടെ ഈ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് അമേരിക്കയിലെ ലോസ് ആഞ്ചല്‍സും സിയാറ്റിലും വരെ എത്താനാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഉത്തരകൊറിയ മുങ്ങിക്കപ്പല്‍ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. അന്നത്തെ ഒരുക്കങ്ങള്‍ക്ക് സമാനമായ നീക്കങ്ങളാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരകൊറിയയുടെ പ്രകോപനങ്ങളെ തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധം നേരത്തെ വഷളായിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും മേഖലയില്‍ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന പെന്റഗണിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ഈ നീക്കം എന്നത് ബന്ധം കൂടുതല്‍ വഷളാക്കുകയും ചെയ്യും.