യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അധികവേതനം ഉറപ്പ്‌

single-img
21 August 2017

ദുബൈ: തൊഴിലാളികളെ അധികനേരം ജോലി ചെയ്യിക്കുന്ന കമ്പനികള്‍ നിയമാനുസൃതമുള്ള ആനുകൂല്യം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവുമായി യുഎഇ മന്ത്രാലയം. അധികവേതനം നല്‍കുന്നത് ജോലി ചെയ്യിപ്പിക്കുന്ന സമയവും ദിവസവും അടിസ്ഥാനമാക്കിയാണെന്നും യുഎഇ സ്വദേശിവല്‍ക്കരണ, മാനവശേഷി മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

യുഎഇയിലെ തൊഴില്‍ നിയമത്തില്‍ അധിക ജോലിക്കു നല്‍കുന്ന അധിക വേതനം സംബന്ധിച്ച് വിശദമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് ഈ വേതനത്തില്‍ മാറ്റമുണ്ടാകും. ചിലപ്പോള്‍ അധിക ജോലികള്‍ക്ക് സാധാരണ ദിവസങ്ങളിലെ വേതന വ്യവസ്ഥ മതിയാകും, എന്നാല്‍ മറ്റു ചില സന്ദര്‍ഭങ്ങളില്‍ ഇതില്‍ മാറ്റമുണ്ടാകും. അതായത് തൊഴിലാളികള്‍ അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങള്‍, ഔദ്യോഗിക അവധി ദിനങ്ങള്‍, വാരാന്ത്യ അവധി ദിനങ്ങള്‍, രാത്രി സമയം എന്നിവ മുന്‍നിര്‍ത്തി നല്‍കേണ്ട ആനുകൂല്യത്തില്‍ മാറ്റമുണ്ടാകും.

പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷാവസരങ്ങളിലെ അവധിയിലാണ് ജോലി ചെയ്യിപ്പിച്ചതെങ്കില്‍ ആനുപാതിക വേതനത്തിനു പുറമേ മറ്റൊരു ദിവസം അവധി നല്‍കുകയും വേണം. ഓവര്‍ടൈം വേതനം നല്‍കുമ്പോള്‍ അടിസ്ഥാന വേതനം മാത്രമല്ല അവലംബിക്കേണ്ടത്. തൊഴിലാളിക്ക് കരാര്‍ പ്രകാരം നല്‍കുന്ന അനുബന്ധ അലവന്‍സുകളും ചേര്‍ത്താണ് ഓവര്‍ ടൈം തുക നിശ്ചയിക്കേണ്ടത്. 25 ശതമാനത്തില്‍ കുറയാത്ത വേതനം ഇതിലൂടെ തൊഴിലാളിക്ക് ലഭിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

രാത്രി ഒന്‍പത് മണിക്കും പുലര്‍ച്ചെ നാല് മണിക്കും ഇടയിലാണ് അധികതൊഴില്‍ ചെയ്യിക്കുന്നതെങ്കില്‍ വേതനം 50 ശതമാനത്തില്‍ കുറയരുതെന്നാണ് ചട്ടം. ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ ടൈം നല്‍കരുതെന്നും നിര്‍ദേശമുണ്ട്. യുഎഇയിലെ പൊതു അവധി ദിനമായ വെള്ളിയാഴ്ച ജോലി ചെയ്താല്‍ സാധാരണ ദിവസങ്ങളേക്കാള്‍ 50 ശതമാനം അധിക വേതനം നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.