മന്ത്രി ശൈലജയ്‌ക്കെതിരായ പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

single-img
21 August 2017


കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ ശൈലജയ്ക്കെതിരായ പരാമര്‍ശം നീക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന പരാമര്‍ശം മാറ്റികിട്ടാനാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

വിഷയത്തില്‍ സദുദ്ദേശപരമായ നടപടിയാണ് മന്ത്രി സ്വീകരിച്ചതെന്നും, കേസില്‍ മന്ത്രി കക്ഷിയല്ലെന്നും മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ പരാമര്‍ശമെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.

103 അപേക്ഷ മാത്രം ലഭിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സമര്‍ത്ഥരായ അപേക്ഷകരില്‍ നിന്ന് മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് അപേക്ഷാ തീയ്യതി നീട്ടിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ഇങ്ങനെ ചെയ്തതെന്നും സമര്‍ത്ഥരായ അംഗങ്ങളെ തെരഞ്ഞെടുക്കുക എന്ന സദുദ്ദേശ്യം മാത്രമായിരുന്നു ഇതിനു പിന്നിലെന്നും സര്‍ക്കാര്‍ അറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ആറു പേരുടെയും ക്രിമിനല്‍ പശ്ചാത്തലവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ക്ലിയറന്‍സും നിയമവകുപ്പിന്റെ ക്ലിയറന്‍സും നേടിയ ശേഷമാണ് നിയമനവുമായി മുന്നോട്ട് പോയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.