ശൈലജ രാജി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി: ‘മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല’

single-img
21 August 2017

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനങ്ങളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും ബാലാവകാശ കമ്മീഷനിലെ എല്ലാ നിയമനങ്ങളും ചട്ടപ്രകാരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിഷയത്തില്‍ മന്ത്രി കെ.കെ. ശൈലജയുടെ ഭാഗം ഹൈക്കോടതി കേട്ടിരുന്നില്ല. ആരോഗ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. അപേക്ഷാ തീയതി നീട്ടിയതില്‍ അപാകതയില്ല. യാഥാര്‍ഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ചില ജില്ലകളില്‍ അപേക്ഷകരാരും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിക്കെതിരായ ഹൈക്കോടതി വിമര്‍ശനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആദ്യ വിജ്ഞാപനമനുസരിച്ച് 2016 നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് 2017 ജനുവരി 30 വരെ സമയം നീട്ടി. 103 അപേക്ഷകരില്‍നിന്നു മത്സരക്ഷമമായ തിരഞ്ഞെടുപ്പു സാധ്യമാകാത്തതിനാല്‍ രണ്ടാം വിജ്ഞാപനം വേണ്ടി വന്നുവെന്നാണു സര്‍ക്കാര്‍ ആദ്യം സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

എന്നാല്‍ 103 പേരില്‍ യോഗ്യതയുള്ളവര്‍ 40 പേര്‍ മാത്രമായിരുന്നു എന്നും എല്ലാ ജില്ലകളില്‍നിന്നും അപേക്ഷകരുണ്ടായിരുന്നില്ലെന്നും തുടര്‍ന്നു സത്യവാങ്മൂലം നല്‍കി. ആറു പേരെ കണ്ടെത്താന്‍ 103 അപേക്ഷകര്‍ പോരെന്നും യോഗ്യതയുള്ള 40 പേര്‍ പോരെന്നും പറയുന്നതിന്റെ കാരണം സാധൂകരിക്കാന്‍ സര്‍ക്കാരിനായില്ല.