സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: കൗണ്‍സിലിംഗ് സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി

single-img
21 August 2017

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിംഗ് ആഗസ്റ്റ് 31വരെ നീട്ടി. സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നേരത്തെ ആഗസ്റ്റ് 19 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.

അതേസമയം, കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജുകള്‍ക്ക് 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പിന്നീട് പരിഗണിക്കും. ഇതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനു മൂന്നാമത്തെ അലോട്ട്‌മെന്റ് അനുവദിക്കണമെന്ന സര്‍ക്കാരിന്റെ മറ്റൊരു ഹര്‍ജിയും കോടതിക്കു മുന്നിലുണ്ട്.

കമ്മിറ്റി നിര്‍ണയിച്ച അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചത് നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കെ.എം.സി.ടി, ശ്രീനാരായണ കോളേജുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോളേജുകളുടെ ഹര്‍ജിയില്‍ 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

ഇതാണിപ്പോള്‍ സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. നാലുതരം ഫീസ് ഘടനയില്‍ പ്രവേശനത്തിനായി ഒപ്പിട്ട കരാറിലെ ചില വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സിഎസ്.ഐ മെഡിക്കല്‍ കോളേജുകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസും പിന്നീട് പരിഗണിക്കും.

കഴിഞ്ഞ വര്‍ഷത്തെ അതേ പ്രവേശന കരാര്‍ പിന്തുടര്‍ന്നാണ് ഈ രണ്ടു കോളേജുകളും സര്‍ക്കാരുമായി ഒപ്പിട്ടത്. വ്യവസ്ഥകള്‍ റദ്ദാക്കിയതോടെ കരാറില്‍നിന്നു പിന്‍മാറുകയാണെന്ന് അവര്‍ സര്‍ക്കാരിനു കത്തു നല്‍കുകയായിരുന്നു.