പരപ്പന അഗ്രഹാര ജയില്‍ ഭരിക്കുന്നത് ശശികലയോ?: ജയിലില്‍ നിന്നും ‘ചിന്നമ്മ’ പുറത്ത് പോയതായി സിസിടിവി ദൃശ്യങ്ങള്‍

single-img
21 August 2017

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും ബന്ധു ഇളവരശിയും ജയിലിനു പുറത്തേക്കു പോയിരുന്നതായി റിപ്പോര്‍ട്ട്. ഇരുവരും പുറത്തേക്ക് പോയതിനെക്കുറിച്ച് മുന്‍ ജയില്‍ ഡി.ഐ.ജി ഡി.രൂപ ജയിലിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സിസിടിവി ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചന. ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ ഇരുവരും പുറത്തു പോകുന്നതിന്റെ ദൃശ്യങ്ങളാണ് കൈമാറിയത്.

ജയിലില്‍ ശശികല ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് നേരത്തേ രൂപ ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനായി അന്നത്തെ ജയില്‍ ഡി.ജി.പി എച്ച്.എന്‍.സത്യനാരായണ റാവു രണ്ടു കോടി രൂപ വാങ്ങിയെന്നും ഡി. രൂപ ആരോപിച്ചിരുന്നു. വിവാദമായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രൂപയെ ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ജൂലായ് 31ന് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) രൂപയ്ക്ക് സമന്‍സ് അയച്ചിരുന്നു. പിന്നീട് രൂപ എ.സി.ബിക്ക് മുമ്പാകെ ഹാജരായപ്പോള്‍ ചോദ്യാവലി നല്‍കുകയും ശനിയാഴ്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി എഴുതി കൊടുക്കുകയും ചെയ്തു. ഇതിനൊപ്പമാണ് ശശികല ജയിലില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും എ.സി.ബിക്ക് കൈമാറിയത്. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പകര്‍പ്പാണ് കൈമാറിയതെന്ന് രൂപ സ്ഥിരീകരിച്ചിട്ടുണ്ട്.

ശശികലയും ഇളവരശിയും കൈകളില്‍ ഓരോ ബാഗും തൂക്കി ജയിലിന്റെ പ്രധാന കവാടത്തിലേക്ക് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വനിതാ ജയിലിലെ സൂപ്രണ്ട് ശശികലയ്ക്ക് അകമ്പടി പോകുന്നതും പുരുഷ കാവല്‍ക്കാര്‍ കവാടത്തില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സാധാരണ പുരുഷ കാവല്‍ക്കാരെ വനിതാ ജയില്‍ കോംപൗണ്ടിലേക്ക് കടക്കാന്‍ അനുവദിക്കാറില്ലെന്ന് രൂപ പറയുന്നു. ജയിലിന്റെ പുറത്ത് പ്രധാന കവാടത്തിലാണ് പുരുഷ കാവല്‍ക്കാര്‍ നില്‍ക്കാറുള്ളതെന്ന് അവര്‍ പറഞ്ഞു. അതേസയം ശശികലയെ പുറത്തേക്ക് പോകാന്‍ അനുവദിച്ചത് ആരാണെന്നത് സംബന്ധിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും രൂപ വ്യക്തമാക്കി.