മദ്യപിച്ചെത്തിയ ജീവനക്കാരന്‍ ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തി; റായ്പുരില്‍ മൂന്നു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

single-img
21 August 2017

റായ്പുര്‍: ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റായ്പുര്‍ ബി.ആര്‍ അംബേദ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. മദ്യപിച്ചെത്തിയ ആശുപത്രി ജീവനക്കാരന്‍ ഓക്‌സിജന്‍ വിതരണ സംവിധാനത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ മൂന്നു നവജാത ശിശുക്കള്‍ മരണത്തിന് കീഴടങ്ങിയത്.

ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തിലെ മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനായിരുന്നു ഇയാള്‍. കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിന്റെ അളവ് കുറഞ്ഞ വിവരം മദ്യ ലഹരിയിലായിരുന്ന ജീവനക്കാരന്‍ ശ്രദ്ധിച്ചിരുന്നില്ല. മൂന്ന് മണിക്കൂറിലധികമാണ് ഇയാള്‍ ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തിയത്. ഇതോടെ ശ്വാസം മുട്ടി കുട്ടികള്‍ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

കൃത്യവിലോപം നടത്തിയ ജീവനക്കാരന്‍ രവി ചന്ദ്രയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് ഉത്തരവിട്ടു. എന്നാല്‍, ഓക്‌സിജന്‍ തടസപ്പെട്ടതിനെ തുടര്‍ന്നുള്ള മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഓക്‌സിജന്‍ വിതരണം തടസപ്പെട്ട് കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടര്‍ക്കഥയാവുകയാണിപ്പോള്‍. ഉത്തര്‍പ്രദേശിലെ ഖോരക്പുരില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എഴുപതിലധികം കുട്ടികള്‍ മരിച്ചിരുന്നു. ഈ ദുരന്തം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് റായ്പുരില്‍ മൂന്നു കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിരിക്കുന്നത്.