കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങാന്‍ സാധ്യത

single-img
21 August 2017

സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് സൂചന. സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന ‘സ്പാര്‍ക്’ സംവിധാനം പരിഷ്‌കരിച്ചില്ലെങ്കില്‍ ഭൂരിഭാഗം ആളുകളുടെയും ശമ്പളം മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ വകുപ്പുകളിലെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരുടെ (ഡിഡിഒ) ആധാര്‍ കാര്‍ഡിലെ പേരും സ്പാര്‍കിലെ പേരും വ്യത്യസ്തമാണെങ്കില്‍ കീഴ്ജീവനക്കാരുടെ ശമ്പളവിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കില്ല. 39 സര്‍ക്കാര്‍ വകുപ്പുകളില്‍ ഇതേ പ്രശ്‌നം നേരിടുന്ന ഒട്ടേറെ ഡിഡിഒമാര്‍ സ്പാര്‍ക് സോഫ്‌റ്റ്വെയറില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്നും വേണമെങ്കില്‍ ആധാറിലെ പേര് സ്പാര്‍കിലേതിനു സമാനമാക്കാനുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നു മുതലാണ് ശമ്പള വിതരണം പൂര്‍ണമായും ‘സ്പാര്‍ക്’ വഴിയാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പ്രകാരം ഓരോ വകുപ്പിലെയും ഡിഡിഒമാര്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് സ്പാര്‍കില്‍ കയറിയ ശേഷം തനിക്കു കീഴിലുള്ള ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം.

കെല്‍ട്രോണ്‍ വഴിയാണ് ഡിഡിഒമാര്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എടുത്തിരിക്കുന്നത്. ഇതിന് അടിസ്ഥാനമാക്കിയിരിക്കുന്നത് ആധാര്‍ കാര്‍ഡിലെ വിവരങ്ങളും. ആധാറില്‍ പേരിനു മുന്നില്‍ ചുരുക്കപ്പേര് രേഖപ്പെടുത്തിയിട്ടുള്ള നൂറുകണക്കിന് ഡിഡിഒമാരാണ് ഇതേ തുടര്‍ന്ന് കുഴപ്പത്തിലായിരിക്കുന്നത്.

സ്പാര്‍കില്‍ പേരിനു ശേഷമാണു ചുരുക്കപ്പേര് എന്നതിനാല്‍ ഇവര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. അവര്‍ക്കു കീഴിലുള്ള ആയിരക്കണക്കിനു ജീവനക്കാരുടെ ശമ്പളവും ഇതോടെ മുടങ്ങുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിഎസ് സി വഴി നിയമനം ലഭിച്ചിരിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം ‘സ്പാര്‍കി’ല്‍ അപ് ലോഡ് ചെയ്യേണ്ടത് ഡിഡിഒമാരാണ്.

സോഫ്‌റ്റ്വെയറില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഇതു സംബന്ധിച്ച് ബുധനാഴ്ച അവലോകന യോഗം ചേരും. യോഗത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്ന എത്ര ഡിഡിഒമാര്‍ ഉണ്ടെന്നതിന്റെ വിവരങ്ങള്‍ പരിശോധിക്കുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച ശേഷമേ പുതിയ സംവിധാനം നടപ്പിലാക്കൂവെന്നും ധനവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പറഞ്ഞു.