ജീന്‍പോള്‍ ലാലിനെ പൊലീസ് ചോദ്യം ചെയ്തു

single-img
21 August 2017

കൊച്ചി: യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെയും നടന്‍ ശ്രീനാഥ് ഭാസിയെയും അന്വേഷണസംഘം ചോദ്യം ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരെയും ചോദ്യം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എഎ അസീസ് അറിയിച്ചു. എന്നാല്‍ ചോദ്യം ചെയ്തതിനെകുറിച്ച് പ്രതികരിക്കാന്‍ ജീന്‍ പോള്‍ ലാല്‍ തയ്യാറായില്ല.

സംവിധായകനും നടനുമായ ലാലിന്റെ മകനായ ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേര്‍ ബോഡി ഡബിള്‍ ഉപയോഗിച്ചെന്ന നടിയുടെ പരാതി സ്ഥിരീകരിക്കുന്നതാണ് മൊഴി. പണം കൊടുക്കാത്തതിന് തര്‍ക്കമുണ്ടായെന്നും അപമര്യാദയായി സംസാരിച്ചില്ലെന്നും ജീന്‍ പോള്‍ മൊഴി നല്‍കി.

നടിക്ക് പരാതിയില്ലെങ്കിലും കുറ്റങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുന്നതല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല, പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലം പറഞ്ഞു, മറ്റൊരു നടിയുടെ ശരീരഭാഗങ്ങള്‍ തന്റേതെന്ന നിലയില്‍ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നിങ്ങനെ മൂന്നു പരാതികളായിരുന്നു ജീന്‍ പോളിനും നാലുപേര്‍ക്കുമെതിരായ കേസില്‍ നടിക്ക് ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച അന്വേഷണം സംഘം പരാതി സത്യമാണെന്നും കണ്ടെത്തിയിരുന്നു. പ്രതിഫലത്തിന്റെ കാര്യം വേണമെങ്കില്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുമെങ്കിലും മറ്റുള്ള പരാതികള്‍ ഗൗരവമേറിയതാണ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നാണ് പൊലീസിന്റെ നിലപാട്.

നടന്‍ ശ്രീനാഥ് ഭാസി, അണിയറ പ്രവര്‍ത്തകന്‍ അനൂപ് വേണുഗോപാല്‍, അസി.ഡയറക്ടര്‍ അനിരുദ്ധന്‍ എന്നിവരാണു കേസിലെ മറ്റ് എതിര്‍കക്ഷികള്‍. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു പ്രതിഭാഗം കേസ് ഒത്തുതീര്‍പ്പാക്കുകയാണെന്നു കോടതിയെ അറിയിച്ചത്. പരാതിക്കാരിയായ യുവതി ഇതേ തുടര്‍ന്നു ജീന്‍പോള്‍ അടക്കമുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നു കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.