ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

single-img
21 August 2017

ന്യൂഡല്‍ഹി: ദോക്‌ലാമില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ റോഡുനിര്‍മ്മാണം വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 61 തന്ത്രപ്രധാനങ്ങളായ റോഡുകളുടെ നിര്‍മാണത്തില്‍ ബിആര്‍ഒ കാലതാമസം വരുത്തുന്നുവെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ‘ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്’ (ബി.ആര്‍.ഒ) കൂടുതല്‍ അധികാരവും സാമ്പത്തിക സഹായങ്ങളും അനുവദിക്കാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തിയിലുള്ള 3,409 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം ഇപ്പോള്‍ മന്ദഗതിയിലാണ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതോടുകൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാകും. പുതിയ തീരുമാനപ്രകാരം നിര്‍മ്മാണത്തിനായി യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ 100 കോടിവരെ ചിലവഴിക്കാന്‍ ബി.ആര്‍.ഒ ഡയറക്ടര്‍ ജനറലിന് അധികാരം ലഭിക്കും. നിലവില്‍ 10.5 കോടി മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

മാത്രമല്ല ദേശീയപാത അതോറിറ്റിയെപ്പോലുള്ള വമ്പന്‍ നിര്‍മ്മാണ കമ്പനികളെ റോഡ് നിര്‍മ്മാണം ഏല്‍പ്പിക്കാനുള്ള അനുമതിയും ബി.ആര്‍.ഒയ്ക്ക് ലഭിക്കും. അതിര്‍ത്തിയില്‍ ചൈനയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ട സാഹചര്യം ഇന്ത്യയ്ക്കുണ്ടാകുന്നത് മുന്നില്‍ കണ്ടാണ് നടപടികള്‍ പ്രതിരോധ മന്ത്രാലയം വേഗത്തിലാക്കുന്നത്.