സ്വാശ്രയ പ്രവേശനം: ലളിതമായി പരിഹരിക്കേണ്ട വിഷയം എല്ലാവരും ചേര്‍ന്ന് വഷളാക്കിയെന്ന് ഹൈക്കോടതി

single-img
21 August 2017

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഫീസ് പ്രശ്‌നം ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ലളിതമായി പരിഹരിക്കേണ്ട വിഷയം എല്ലാവരും ചേര്‍ന്ന് വഷളാക്കുകയായിരുന്നെന്ന് കോടതി കുറ്റപ്പെടുത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ആരും കണക്കിലെടുക്കുന്നില്ലെന്നും എല്ലാവര്‍ക്കും കരാര്‍ ഒപ്പിടുന്നതിലാണ് ശ്രദ്ധയെന്നും കോടതി കുറ്റപ്പെടുത്തി.

എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിയും പാലിക്കുന്നില്ല. സ്വകാര്യ കോളേജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കേസില്‍ വിശദമായ വാദം ചൊവ്വാഴ്ച കേള്‍ക്കും. ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങളും കോടതി ഉത്തരവുകളും ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം, കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് പ്രവേശന കമ്മിഷണര്‍ക്കു കോടതി മുന്നറിയിപ്പു നല്‍കി. കോടതി ഉത്തരവുകള്‍ കണക്കിലെടുക്കുന്നില്ലെന്നും പുതിയ വിജ്ഞാപനങ്ങള്‍ ഇറക്കിയതെന്തിനാണെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിര്‍ണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യംചെയ്തു സ്വാശ്രയ മാനേജ്‌മെന്റുകളാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചതിനെ നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു.

പ്രവേശനവുമായി മുന്നോട്ടുപോകാനും ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു കോഴിക്കോട് കെഎംസിടി, എറണാകുളം ശ്രീനാരായണ കോളേജുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയ സുപ്രീംകോടതി, കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയോടു നിര്‍ദേശിക്കുകയായിരുന്നു.