യുഎഇയിലേക്കും സൗദിയിലേക്കും എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും

single-img
21 August 2017

ബക്രീദ്-ഓണം ആഘോഷം കഴിഞ്ഞുള്ള തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഷാര്‍ജ – കോഴിക്കോട്, കോഴിക്കോട്- ഷാര്‍ജ, റിയാദ് – കോഴിക്കോട്, കോഴിക്കോട് – റിയാദ് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍.

അതേസമയം കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിവരെ വര്‍ധിപ്പിച്ചാണ് ഓണവും പെരുന്നാളും ആഘോഷിച്ചു മടങ്ങുന്ന മലയാളികളെ വിമാനക്കമ്പനികള്‍ പിഴിയാനൊരുങ്ങുന്നത്.

ഓണക്കാലത്തെ വിമാനകമ്പനികളുടെ പതിവ് ടിക്കറ്റ് കൊള്ള അനുവദിക്കരുതെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുപ്പത്തയ്യായിരം രൂപയില്‍ കുറഞ്ഞ ഒരു ടിക്കറ്റും ഒരു കമ്പനിയും നല്‍കുന്നില്ല. മുപ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നു ട്രാവല്‍ ഏജന്‍സികളും പറയുന്നു.

ഈ മാസം 26 ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കെത്താന്‍ ശരാശരി നിരക്ക് എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെ നല്‍കിയാല്‍ മതി. പക്ഷേ ആഘോഷമെല്ലാം കഴിഞ്ഞ് തിരിച്ച് പറക്കണമെങ്കില്‍ കീശ കാലിയാകും.

സാധാരണ സീസണില്‍ 15,000 വരെയായിരുന്ന റിയാദിലേക്കുള്ള നിരക്ക് 50,000 മുതല്‍ 85,000 വരെയാണ്. കുവൈത്തിലേക്കു പറക്കണമെങ്കില്‍ 30,000 മുതല്‍ 88,000 വരെയും ബഹ്‌റനിലെത്താന്‍ 75,000 വരെയും കൊടുക്കണം.

5000 മുതല്‍ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനില്‍ക്കുന്നത് നാല്‍പ്പതിനായിരത്തിലാണ്. ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് എയര്‍ ഇന്ത്യയിലും. അബുദാബിക്കു പോകാന്‍ 30,000 മതല്‍ അറുപതിനായിരം വരെയാകുമ്പോള്‍ ഷാര്‍ജയിലെത്തുന്നതിനു നാല്‍പതിനായിരമാകും. ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് വിമാനത്തില്‍ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്.

ഗള്‍ഫ് നാടുകളിലിപ്പോള്‍ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച് ഓണവും പെരുന്നാളും കൂടി, മലയാളികള്‍ മടങ്ങുന്ന സമയമാണ് വിമാനക്കമ്പനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വര്‍ധനയുടെ ലക്ഷ്യം. എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് നിരക്ക് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല.

ഉത്സവനാളുകളില്‍ കൂടുതല്‍ സര്‍വ്വീസ് വേണമെന്ന ആവശ്യം വിമാന കമ്പനികള്‍ കേള്‍ക്കാറില്ല. മറിച്ച് തിരക്ക് പറഞ്ഞ് ആവശ്യക്കാരെ പരമാവധി പിഴിയുകയാണ് എല്ലാ കമ്പനികളും. വിമാനനിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലും അധികാരവും ഇല്ലാത്തതും ഈ പകല്‍കൊള്ളയ്ക്ക് സഹായകമാവുന്നു.