ചിന്നമ്മയെ പുറത്താക്കി അണ്ണാ ഡിഎംകെ ലയിച്ചു; പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി

single-img
21 August 2017

ചെന്നൈ: വി.കെ ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ ധാരണയായതോടെ എഐഎഡിഎംകെയില്‍ പനീര്‍സെല്‍വം, പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലയനത്തിന് ധാരണയായത്. യോഗത്തിന് ശേഷം എടപ്പാടി പളനി സ്വാമിയും ഒ പനീര്‍ സെല്‍വവും പരസ്പരം ഹസ്തദാനം ചെയ്തു.

പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് ലയനം പ്രഖ്യാപിച്ചുകൊണ്ട് ഒ.പനീര്‍സെല്‍വം പറഞ്ഞു. പനീര്‍സെല്‍വം പാര്‍ട്ടി കണ്‍വീനറാകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും വ്യക്തമാക്കി. ‘താന്‍ സഹ കണ്‍വീനറും കെ.പി.മുനിസാമി ഡപ്യൂട്ടി കണ്‍വീനറുമാകും.

പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരികെ പിടിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യം. കൂടാതെ അമ്മയുടെ ഉറപ്പുകള്‍ പാലിക്കും. തനിക്കുശേഷവും അണ്ണാ ഡിഎംകെ 100 വര്‍ഷം നിലനില്‍ക്കുമെന്ന് ജയലളിത പറഞ്ഞിരുന്നു. അതുറപ്പായും നടപ്പാക്കുമെന്നും’ പളനിസാമി പറഞ്ഞു.

എഐഎഡിഎംകെയില്‍ 15 അംഗ ഉന്നതാധികാര സമിതിയെയും പുതിയ ഭാരവാഹികളെയും നിയമിച്ചു. പനീര്‍സെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കാനും ഒപിഎസ് വിഭാഗത്തില്‍ നിന്ന് മൂന്ന് പേരെ മന്ത്രിമാരാക്കാനും ധാരണയായിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിയോടെ ഇവരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അടിയന്തിരമായി മുംബൈയില്‍ നിന്നും ചെന്നൈയിലെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണ് പനീര്‍സെല്‍വം അവസാനമായി എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ഒരുഘട്ടത്തില്‍ വഴിമുട്ടിയ ലയനചര്‍ച്ചകളാണ് നാടകീയ നീക്കങ്ങളുമായി ഇന്ന് വീണ്ടും സജീവമായത്. രണ്ടുവിഭാഗങ്ങളും തമ്മില്‍ ലയിക്കണമെങ്കില്‍ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പനീര്‍സെല്‍വത്തിന്റെ പ്രധാന ആവശ്യം.

തുടര്‍ന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവും പനീര്‍സെല്‍വം വിഭാഗവും ചെന്നൈയില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശശികലയെ പുറത്താക്കണമെന്ന പനീര്‍സെല്‍വം വിഭാഗത്തിന്റെ തീരുമാനത്തിന് പളനി സ്വാമി വഴങ്ങുകയായിരുന്നു.

അതേസമയം ടി.ടി.വി ദിനകരന്‍ വിളിച്ച യോഗത്തില്‍ 19 എംഎല്‍എമാരാണ് പരസ്യ പിന്തുണയുമായെത്തിയത്. ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ പളനിസാമി സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ 117 പേരുടെ പിന്തുണയാണ് വേണ്ടത്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ദിനകരനൊപ്പം പോയിരിക്കുന്ന എംഎല്‍എമാരെ ഒഴിച്ചുനിര്‍ത്തിയാല്‍ 116 പേരുടെ പിന്തുണ ഇപ്പോള്‍ അണ്ണാ ഡിഎംകെയ്ക്ക് ഉണ്ട്. ഇത് എങ്ങനെ ഒഴിവാക്കാനാകുമെന്നാണ് ഇപ്പോള്‍ ഇരുവിഭാഗങ്ങളും ആലോചിക്കുന്നത്.