പീഡനങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാം;ബാല പീഡനം തടയാനും റിപ്പോർട്ട് ചെയ്യാനും നമുക്കെന്തെല്ലാം ചെയ്യാനാകും?

109 കോടി കുഞ്ഞുങ്ങളുടെ നിര്‍മല സുസ്മിതമേറ്റുവാങ്ങി ഓരോ പുലരിയെയും സ്വാഗതം ചെയ്യുന്ന ഈ ലോകം ബാലപ്രസന്നതയുടെ ജൈവോര്‍ജം സ്വീകരിച്ചാണു പുരോഗതിയിലേക്കു കുതിക്കുന്നത്. ലോകജനസംഖ്യയുടെ 35 ശതമാനം അംഗങ്ങള്‍ 15 വയസില്‍ താഴെയുള്ള കുട്ടികളാണെന്നറിയുമ്പോള്‍, ലോകത്തിന്റെ നിലനില്‍പ്പിന് ശിശുസംരക്ഷണം എത്രയോ പ്രധാനമാണ് എന്നു നാം മനസിലാക്കുന്നു. ബാലാവകാശ സംരക്ഷണ നിയമത്തിന്റെ 19-ാം ആര്‍ട്ടിക്കിളിലാണ് ഐക്യരാഷ്ട്രസഭ ഈ വിഷയത്തിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്നത്.

അക്രമം,ചൂഷണം,ദുരുപയോഗം,അവഗണന എന്നീ നാലു മേഖലകളിലുള്ള സുരക്ഷയാണ് ബാലാവകാശസംരക്ഷണത്തിന്റെ കാതല്‍. സാമൂഹിക സുരക്ഷാനിയമത്തിന്റെ ഭാഗമായി ഓരോ രാജ്യവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തികളുടെ സാമൂഹ്യക്ഷേമം,വിദ്യാഭ്യാസം,സുരക്ഷ,നീതി എന്നിവ ഉറപ്പുവരുത്താനുള്ള നിയമചട്ടം എന്നാണ് യൂണിസെഫ് ബാലാവകാശ സംരക്ഷണനിയമത്തെ നിര്‍വചിക്കുന്നത്.

ലോകം മുഴുവന്‍ ഇന്നു കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു സമാനസ്വഭാവങ്ങളുണ്ട്. ബാലവേലയാണ് ഏറ്റവും രൂക്ഷമായ പ്രശ്‌നം. വിദ്യ അഭ്യസിച്ചു ജീവിതത്തിലേക്കു പിച്ചവയ്‌ക്കേണ്ട പ്രായത്തില്‍ നിര്‍ബന്ധിത ജോലി ചെയ്യാന്‍ വിധിക്കപ്പെടുന്നത് 15കോടി കുഞ്ഞുങ്ങളാണ്.

ദുരുപയോഗമാണ് ഇന്നു കുട്ടികള്‍ നേരിടുന്ന മറ്റൊരു ദുരന്തം. ഇതില്‍ ബാലലൈംഗിക ചൂഷണമാണു പ്രധാനം. ലൈംഗികമായി ഇരയാകുമ്പോള്‍ തന്നെ മാനസിക തകര്‍ച്ചയും നേരിടുന്നുണ്ട്.

സാമ്പത്തിക തരം തിരിവും വര്‍ണ-വര്‍ഗ വിവേചനവും ഇന്നും പരിഷ്‌കൃത രാജ്യങ്ങളില്‍പ്പോലും കുഞ്ഞുങ്ങളുടെ മാനസിക പീഡനത്തിന് കാരണമാകുന്നു. ആവശ്യമായ കരുതല്‍ നല്‍കി കുഞ്ഞുങ്ങളെ വളര്‍ത്താത്ത മാതാപിതാക്കളുടെ അവഗണനയാണ് ഇന്നു കുഞ്ഞുങ്ങള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.

പന്ത്രണ്ടുകോടി കുഞ്ഞുങ്ങളുടെ ഭാവിയാണ് ഇന്ന് ഇന്ത്യയുടെ ഭാവി. ഇന്ത്യയില്‍ 18വയസിനു താഴെയുള്ളവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരുടെ ഗണത്തിലാണ് പരിഗണിക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-ല്‍ 14 വയസില്‍ താഴെയുള്ള എല്ലാവര്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമാക്കിയിട്ടുണ്ട്.

നോ പറയാം

സ്വന്തം ശരീരത്തിന് നേരെയുളള എല്ലാത്തരം ചൂഷണങ്ങളോടും നോ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണം.ഇതിന് മാതാപിതാക്കളും അധ്യാപകരും പിന്തുണ നല്‍കണം.

ബാലപീഡനം ഇന്നൊരു പുതുമയുളള വാര്‍ത്തയല്ല .ഓരോ ദിവസവും പുലരുന്നത് ബാലലൈംഗിക ചൂഷണങ്ങളുടെ വാര്‍ത്തകള്‍ കേട്ടു കൊണ്ടാണ് പീഡനവും ചൂഷണവും സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. സ്വന്തം വീട്ടില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ല എന്നതാണ് സ്ഥിതി ലൈംഗിക പീഡനങ്ങള്‍ക്കോ മറ്റ് ശാരീരിക ചൂഷണങ്ങള്‍ക്കോ വിധേയരാവുന്ന കുട്ടികളില്‍ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും .അവ കുഞ്ഞുങ്ങളുടെ ഭാവിയെതന്നെ അപകടത്തിലാക്കിയേക്കാം. അതുകൊണ്ട് അത്തരം ലക്ഷണങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ കഴിയണം

സ്വന്തം ശരീരത്തിന് നേരെയുളള എല്ലാതരം ചൂഷണങ്ങളെയും കുട്ടികള്‍ പ്രതിരോധിക്കേണ്ടതുണ്ട്. ചെറിയ പ്രായമായതിനാല്‍ മാതാപിതാക്കളും അധ്യാപകരും വേണം കുട്ടികള്‍ക്ക് ഇതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ .എന്നാല്‍ ലോകം വളരെ മോശമാണെന്നും ആരെയും വിശ്വസിക്കരുതെന്നുമുളള ധാരണ കുട്ടികളില്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചൂഷണങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുളള ചില പ്രായോഗിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നു.

സ്വന്തം ശരീരഭാഗങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. അശ്ലീലമെന്ന് കരുതി അവയവങ്ങളുടെ പേരു പറയാന്‍ മടി കാട്ടരുത്.

ശരീരഭാഗങ്ങളുടെ ഉചിതവും അനുചിതവുമായ ആയ ഉപയോഗത്തെക്കുറിച്ച് അവര്‍ അറിയട്ടെ
ഉമ്മ വയ്ക്കുക ,കെട്ടി പിടിക്കുക,മടിയില്‍ വെയ്ക്കുക- ഇവയക്കെ ചെയ്യാന്‍ അച്ഛനമ്മമാര്‍, മുത്തശ്ശന്‍,മുത്തശ്ശി, സഹോദരങ്ങള്‍ എന്നിവരെ മാത്രം
അനുവദിക്കാവു.

മറ്റുളളവരില്‍ നിന്നും മോശം സ്പര്‍ശം ഉണ്ടായാല്‍ കുതറി രക്ഷപ്പെടാന്‍ ശ്രമിക്കണം.

ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഉറക്കെ കരയാനും ആളുകളെ വിളിച്ച് കൂട്ടാനും കഴിയണം

ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുന്നത് പാവക്കുട്ടികളെ വച്ച് അഭിനയിച്ച് കാണിക്കാവുന്നതാണ്.
പെണ്‍കുട്ടികളോട് കൗമാരത്തിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചും മാസമുറയെക്കുറിച്ചും തുറന്ന് സംസാരിച്ച് സംശയങ്ങള്‍ ഇല്ലാതാക്കണം

അച്ഛന്റെയോ അമ്മയുടെയോ ടീച്ചറുടെയോ സമ്മതമില്ലാതെ ആരില്‍ നിന്നും ഒരു സാധനവും വാങ്ങില്ലന്ന് ഉറപ്പിക്കണം.

ഒരു തവണ പീഡനം ഉണ്ടായി എങ്കില്‍ അതില്‍ സങ്കടപ്പെടുകയോ കുറ്റബോധം തോന്നുകയോ വേണ്ടെന്ന് കുട്ടികളോട് പറയുക. തങ്ങളുടെ കുറ്റം കൊണ്ടല്ല അത് ആവര്‍ത്തിക്കാന്‍ പാടില്ലന്നുമുളള സന്ദേശം കുട്ടികള്‍ക്ക് നല്‍കണം.

കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന നിയമമാണ് പോക്‌സോ. 2012 നവംബര്‍ 14 നാണ് ഈ നിയമം നിലവില്‍ വന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതു സഭ 1989 നവംബര്‍ 20 ന് അംഗീകരിച്ച ബാലാവകാശ ഉടമ്പടി 1992 ഡിസംബര്‍ 11 ന് ഭാരത സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി ഇതിന്റെ ചുവടു പിടിച്ചാണ് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ ലൈംഗിക പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാനായി പോക്‌സോ നിയമം നടപ്പിലാക്കിയത്.

ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് നീരിക്ഷിക്കാനുളള അധികാരം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ദേശീയ തലത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനുമാണ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഇക്കാര്യം കൃത്യമായി നീരിക്ഷിക്കുന്നതിനായി ഒരു പോക്‌സോ മോണിറ്ററിംഗ് സെല്‍ നിലവിലുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയാവുന്ന കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നിയമസഹായം വൈദ്യസഹായം കൗണ്‍സി്‌ലിംഗ് എന്നിവ നല്‍കുന്നുണ്ടോ എന്നു നീരിക്ഷിക്കാനുളള അവകാശം ബാലാവകാശ കമ്മീഷനുണ്ട്. പോക്‌സോ നിയമ പ്രകാരം പോലീസ് ,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ എന്നിവയെടുക്കുന്ന നടപടികള്‍ നീരിക്ഷിക്കാനുളള അധികാരവും ബാലാവകാശ കമ്മീഷനുണ്ട്.

കുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുക ,ഇക്കാര്യത്തിനായി ഭീഷണിപ്പെടുത്തുക ,വ്യഭിചാരത്തിന് കുട്ടികളെ ഉപയോഗിക്കുക കുട്ടികളുടെ നഗ്ന ചിത്രങ്ങളെടുക്കുക അവ ശേഖരിച്ച് വയ്ക്കുക എന്നിവയക്കെ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ആണെന്ന് പോക്‌സോ നിയമം പറയുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ജീവപര്യന്തം കഠിന തടവുവരെയും അതോടൊപ്പം പിഴയും പ്രതിക്കു ശിക്ഷയായി ലഭിക്കും . നിയമത്തിന്റെ മുപ്പതാം വകുപ്പ് പ്രകാരം തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനായ വ്യക്തിക്കാണുളളത്.സ്‌കൂളുകള്‍, ആശുപത്രികള്‍,ബാലമന്ദിരങ്ങള്‍ ,അനാഥലയങ്ങള്‍ ,റെയില്‍വേസ്റ്റേഷന്‍ ,ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ വച്ച് പോക്‌സോ ആക്റ്റ് പ്രകാരമുളള കുറ്റകൃത്യം നടന്നാല്‍ ഈ കാര്യം ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്വം ആ സ്ഥാപനത്തിന്റെ മേധാവിക്കുണ്ട്. അറിഞ്ഞ വിവരം റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ സ്ഥാപന മേധാവി/ വിവരം അറിഞ്ഞയാള്‍ കുറ്റക്കാരനാണ്. ഇരയായ കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണം. ഇരയായ കുട്ടിയുടെ പേരോ തിരിച്ചറിയാന്‍ സഹായകമാകുന്ന വിവരങ്ങളോ മാധ്യമങ്ങള്‍ പ്രസീദ്ധീകരിക്കുന്നത് കുറ്റകരമാണ്.

ശിശു സൗഹാര്‍ദ്ദപരമായ അന്തരീക്ഷം കോടതിമുറികളില്‍ സൃഷ്ടിക്കാനുളള ചുമതല പ്രത്യേക കോടതികള്‍ക്കുണ്ട്. വിചാരമ സമയത്തും അന്വേഷണ സമയത്തും കുട്ടിയുമായി ബന്ധപ്പെട്ട വിവരം ആരും വെളിപ്പെടുത്തുന്നില്ലന്ന കാര്യം പ്രത്യേക കോടതി ഉറപ്പ് വരുത്തണം.

പോക്‌സോ പ്രകാരം പോലീസ് ഉള്‍പ്പെടെയുളള അധികാരികള്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം അതു സംബന്ധിച്ച് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് പരാതി നല്‍കാവുന്നതാണ്.

ഇവ ശ്രദ്ധിക്കു

ചൈല്‍ഡ് ലൈന്‍ : 1098
സൈബര്‍ സെല്‍ 9497976004
പോലീസ് ക്രൈം സ്റ്റോപ്പര്‍ 1090
കെല്‍സയുടെ സൗജന്യ നിയമ സഹായം 9846700100

ലിങ്കുകള്‍
സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി കേരളാപോലീസിന്റെ സൈബര്‍ ഡോമിനെ അറിയിക്കാന്‍ :

http://cyberdome.kerala .gov.in/reportus.html
ചെറുപ്രായക്കാരുടെ നഗ്ന ഫോട്ടോകളുടെയും വീഡിയോകളുടെയും ലിങ്കുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യാന്‍

Report Online Child Sexual Abuse Images & Videos – India


പ്രമുഖ വെബസൈറ്റുകളിലും ആപ്പുകളിലും ഗെയിമുകളിലും കുട്ടികളുടെ സുരക്ഷിതത്വം ഏങ്ങനെ ഉറപ്പ് വരുത്താം എന്നറിയാന്‍

http:/www.netware.org.uk/

 

 

റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര)