ബിജെപി നേതാവ് വിവി രാജേഷിന് ബഹുനില മാളിക പണിയാന്‍ കോടികള്‍ കിട്ടിയത് എങ്ങനെ ?

single-img
20 August 2017


തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വീണ്ടും വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വിവി രാജേഷിന്റെ പെട്ടെന്നുണ്ടായ സാമ്പത്തിക വളര്‍ച്ചയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചില പ്രവര്‍ത്തകര്‍.

‘നരേന്ദ്രമോദി ഈ വീടിന്റെ ഐശ്വര്യം’ എന്ന തരത്തില്‍ പരിഹാസ വാചകങ്ങളുമായി അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ജനകീയ വേദി എന്ന പേരില്‍ ഒരു പറ്റം ബിജെപി പ്രവര്‍ത്തര്‍. സംഭവം വിവാദമായതോടെ ബിജെപി നേതൃത്യം ഇടപ്പെട്ട് വീടിന് മുന്നില്‍ നിന്നും ബോര്‍ഡ് എടുത്തുമാറ്റി.

ഇന്നലെ രാവിലെയോടെയാണ് വഞ്ചിയൂര്‍ മാതൃഭൂമി റോഡിലെ വിവി രാജേഷിന്റെ വീടിന് മുന്നില്‍ ജനകീയ വേദിയുടെ പേരില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 2011 ല്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കുമ്പോള്‍ കേവലം 27 ലക്ഷം ആസ്തിയും 4 ലക്ഷം കടവും ഉണ്ടായിരുന്ന രാജേഷ് എങ്ങനെ ഈ ബഹുനില മാളിക പണിതുവെന്നും ഫഌ്‌സില്‍ ഉന്നയിക്കുന്നു.

ആരാണ് ബോര്‍ഡ് വെച്ചത് എന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാജേഷ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം വിവി രാജേഷ് നിഷേധിച്ചു.തന്റെ ഇത്രയും നാളത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ആരുടെ കയ്യില്‍ നിന്നും പണംവാങ്ങിയിട്ടില്ലെന്നും രാജേഷ് പറയുന്നു. തനിക്കെതിരെ ഫഌക്‌സ് ബോര്‍ഡ് വച്ചവര്‍ തനിക്ക് അനധികൃത സ്വത്തുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെടട്ടേയെന്നും വിവി രാജേഷ് വ്യക്തമാക്കി.