യുഎഇയില്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി ഒഴിവാക്കുന്നു

single-img
20 August 2017

യുഎഇയില്‍ താമസ വിസയുള്ളവരുടെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി ഒഴിവാക്കാനൊരുങ്ങി താമസവിദേശകാര്യ ഡയറക്ടറേറ്റ്. പകരം ഇലക്ട്രോണിക്‌സ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങളാണ് നിര്‍ദേശത്തിലുള്ളത്. വിദേശ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഡയറക്ടര്‍ ജനറല്‍മാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

നിലവില്‍ യു.എ.ഇയിലെ എല്ലാ പ്രവാസികളും റസിഡന്‍സ് വിസയ്‌ക്കൊപ്പം അവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്. പകരം ഇലക്ട്രോണിക്‌സ് സംവിധാനം വന്നാല്‍ വിസാ നടപടികള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കി പേപ്പര്‍ ജോലികള്‍ കുറയ്ക്കാന്‍ സാധിക്കും. വിസ സ്റ്റാമ്പ് ചെയ്യാനായി ഡയറക്ട്രേറ്റിന്റെ സേവനകേന്ദ്രത്തില്‍ എത്തേണ്ടി വരുന്നതും ഒഴിവാക്കാം.

ഇത്തരമൊരു പരീക്ഷണം ഇപ്പോള്‍ അജ്മാനില്‍ നടക്കുന്നുണ്ട്. അത് വിജയിച്ചാല്‍ ഇലക്ട്രോണിക്‌സ് സംവിധാനം വ്യാപകമാക്കാനാണ് തീരുമാനം. താമസവിസ കൈപറ്റാനായി സേവനകേന്ദ്രത്തില്‍ എത്തേണ്ടത് അബൂദബിയില്‍ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ ടൈപ്പിങ് കേന്ദ്രങ്ങള്‍ വഴി വിസ പ്രിന്റെടുത്ത് നല്‍കുന്ന നടപടിക്കും വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.