മുസഫര്‍നഗര്‍ ട്രെയിനപകടത്തിനു കാരണം ഉദ്യോഗസ്ഥ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

single-img
20 August 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണമായത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ കുറിച്ച് യാതൊരു മുന്നറിയിപ്പും ജീവനക്കാര്‍ നല്‍കിയിരുന്നില്ല. ട്രാക്കില്‍ ചുവന്ന കൊടിയോ മറ്റ് സൂചനകളോ നല്‍കാതിരുന്ന ജീവനക്കാര്‍ ട്രെയിനുകളുടെ വേഗത കുറയ്ക്കാനും ആവശ്യപ്പെട്ടില്ലെന്നാണ് വിവരം.

അറ്റക്കുറ്റപ്പണി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് പെട്ടെന്ന് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ഡല്‍ഹി സഹാറന്‍പൂര്‍ ഡെമു കടന്നുപോയതിന് പിന്നാലെയാണ് ഉത്കല്‍ എക്‌സ്പ്രസ് ഇതേ പാതയിലൂടെ കടന്നുപോയത്. അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ പരമാവധി 15 കിലോമീറ്റര്‍ വേഗത്തില്‍ പോകേണ്ടിയിരുന്ന ട്രെയിന്‍ കടന്നുപോയത് 106 കിലോ മീറ്റര്‍ വേഗതയിലാണ്. ഇതാകാം അപകട കാരണമെന്നാണ് റെയില്‍വേയുടെ നിമനം. ട്രയിനിന്റെ എന്‍ജിനും ആദ്യത്തെ അഞ്ച് ബോഗികളും ഇതേ വേഗതയില്‍ അറ്റകുറ്റപ്പണി നടന്നിരുന്ന ഭാഗം പിന്നിട്ട ശേഷമാണ് മറ്റ് ബോഗികള്‍ പാളംതെറ്റിയതെന്നാണ് വിവരം.

എന്നാല്‍, ട്രാക്കിലെ ചെറിയ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് മിക്കവാറും മുന്നറിയിപ്പോ മറ്റോ നല്‍കാറില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കൂടുതല്‍ ട്രെയിനുകള്‍ കടന്നുപോകുന്ന തിരക്കേറിയ സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അത് ഗതാഗതം താറുമാറാക്കുമെന്നതിനാലാണ് വേഗത കുറയ്ക്കാനുള്ള നിര്‍ദേശം നല്‍കാത്തത്. ഇത്തരത്തിലുള്ള ചെറിയ വീഴ്ചയാണ് കഴിഞ്ഞ ദിവസത്തെ അപകടത്തിനും കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അപകട കാരണത്തെക്കുറിച്ച് റെയില്‍വേയുടെ അന്വേഷണം തുടരുകയാണ്. അട്ടിമറി സാധ്യത ഉള്‍പ്പെയുള്ളവ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ഒരു വര്‍ഷത്തിനിടെ അഞ്ച് ട്രെയിന്‍ അപകടങ്ങളാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു.