സൈനികര്‍ക്ക് ആശ്വാസവുമായി ‘എയര്‍കണ്ടീഷന്‍ ജാക്കറ്റുകള്‍’ വരുന്നു

single-img
20 August 2017

ന്യൂഡല്‍ഹി: ഏത് പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈനികര്‍ക്ക് ആശ്വാസവുമായി എയര്‍കണ്ടീഷന്‍ ചെയ്ത ജാക്കറ്റുകള്‍ വരുന്നു. സൈന്യത്തിലെ പ്രത്യേക സേനയ്ക്ക് വേണ്ടിയാണ് എയര്‍ കണ്ടീഷന്‍ ചെയ്ത ജാക്കറ്റുകള്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കറാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.

പ്രത്യേക സേന നടത്തുന്ന ഓപ്പറേഷനുകളില്‍ സൈനികര്‍ വ്യായാമം നടത്തുമ്പോള്‍ അവരുടെ ശരീരത്തില്‍ ചൂട് കൂടുകയും അസ്വസ്ഥരാകുകയും ചെയ്യാറുണ്ട്. ഇതിന് എയര്‍ക്കണ്ടീഷന്‍ ജാക്കറ്റുകളിലൂടെ പരിഹാരം കാണാനാകുമെന്നും സൈനികര്‍ സുഖകരമായിരിക്കുമെന്നും പനാജിയില്‍ നടന്ന ഒരു ചടങ്ങില്‍ പരീക്കര്‍ പറഞ്ഞു.

എന്നാല്‍ ഇത്തരം ജാക്കറ്റുകള്‍ക്കായി ഏതു തരം സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നും എന്ത് ടെക്‌നോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ അമേരിക്കന്‍ സൈന്യം എയര്‍കണ്ടീഷന്‍ ജാക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ചെറിയ ബാറ്ററിയുടെ സഹായത്തോടെയാണ് ജാക്കറ്റിലെ എയര്‍ക്കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കയിലെ പ്രതിരോധ വകുപ്പ് വ്യക്തമാക്കി.