സൗദിയില്‍ വധശിക്ഷ നടപ്പിലാക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍: മകന്റെ കൊലയാളിയുടെ തലവെട്ടുന്നത് തടഞ്ഞ് പിതാവ്

single-img
20 August 2017

റിയാദ്: വധശിക്ഷ നടപ്പിലാക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയ പിതാവ് മനുഷ്യത്വത്തിന്റെയും ദയയുടെയും ആള്‍രൂപമായി മാറി. ജീവന്‍ നഷ്ടപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ സൗദി യുവാവിന് ജീവിതം തിരിച്ച് നല്‍കി അസീര്‍ മേഖലയിലെ ഖമിസ് മുഷെയ്ത് സ്വദേശിയാണ് ഏവരെയും ഞെട്ടിച്ചത്.

മകന്റെ ഘാതകന് പിതാവ് മാപ്പ് നല്‍കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊലപാതകിയ്ക്ക് ശിക്ഷ നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും കൊല ചെയ്യപ്പെട്ടയാളുടെ അച്ഛന്‍ ഒരു സംഘം ആളുകള്‍ക്കൊപ്പം വീക്ഷിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് കടന്ന് വന്നാണ് താന്‍ ഇയാള്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന് ആ പിതാവ് പ്രഖ്യാപിച്ചത്.

കൊലപാതകിയായ യുവാവ് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ച ശേഷമാണ് വധശിക്ഷ ഏറ്റുവാങ്ങാനെത്തിയത്. തല വെട്ടി ശിക്ഷ നടപ്പാക്കാനായിരുന്നു നീക്കം. മകന്റെ ഘാതകന് ജീവന്‍ തിരികെ നല്‍കിയ പിതാവിന്റെ പ്രഖ്യാപനത്തെ നിറഞ്ഞ കൈയടികളോടെയാണ് അവിടെ തടിച്ചുകൂടി നിന്നവര്‍ വരവേറ്റത്. തുടര്‍ന്ന് ആ മനുഷ്യസ്‌നേഹിയെ കൂടി നിന്ന ജനങ്ങള്‍ തോളിലേറ്റിയാണ് ആഹ്ലാദം പങ്കിട്ടത്.