ഉപരോധം രണ്ടരമാസം പിന്നിട്ടു: ഖത്തറിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി

single-img
20 August 2017

നോര്‍വെ: അയല്‍ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടരമാസം പിന്നിട്ടിരിക്കെ ഭീകരവാദത്തെ ഖത്തര്‍ സഹായിച്ചു എന്ന ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കാനായിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി.

യൂറോപ്യന്‍ പര്യടനത്തിനിടെ നോര്‍വെയിലെത്തിയ വിദേശകാര്യ മന്ത്രി തലസ്ഥാനമായ ഓസ്‌ലോയില്‍ നോര്‍വെ വിദേശകാര്യ മന്ത്രി ബോര്‍ജെ ബെനഡിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് നല്‍കിയ കത്തിന് യഥാസമയം തങ്ങള്‍ മറുപടി നല്‍കിയതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതുവരെ മറുപടി നല്‍കാത്ത ഉപരോധ രാജ്യങ്ങള്‍ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ സാഹചര്യത്തില്‍ ഖത്തറില്‍ നിന്നുള്ള ഹാജിമാരുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഹാജിമാര്‍ക്ക് വിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിന് തടസ്സമുണ്ടായത് ഏറെ ദുഖകരമാണ്. ഇതുവരെ നൂറില്‍ താഴെ ഹാജിമാര്‍ മാത്രമാണ് ഹജ്ജ് കര്‍മത്തിന് അതിര്‍ത്തി വഴി സൗദിയില്‍ എത്തിയത്. ഹാജിമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇസ്‌ലാമികകാര്യ മന്ത്രാലയം അയച്ച കത്തിന് സൗദി ഭരണകൂടം ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനി സൗദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന സല്‍മാനുമായി കഴിഞ്ഞ ദിവസം ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി മാത്രമാണെന്നും ഹജ്ജുമായി ബന്ധപ്പെട്ട മധ്യസ്ഥത്തിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.