മുസഫര്‍നഗര്‍ ട്രെയിനപകടം: ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു

single-img
20 August 2017

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ ട്രെയിനപകടം അട്ടിമറിയാണോ എന്ന സംശയത്തെത്തുടര്‍ന്ന് ഭീകര വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം ഡ്രൈവറുടെ പിഴവു മൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേയുടെ അന്വേഷണവും തുടങ്ങി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ 3 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

ശനിയാഴ്ചയാണ് പുരി–ഹരിദ്വാര്‍–കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 പേര്‍ മരിച്ചത്. എണ്‍പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയില്‍നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ബോഗികള്‍ ഒന്നിനുമുകളില്‍ മറ്റൊന്നായാണു കിടക്കുന്നത്. ഒരു വര്‍ഷത്തിനിടെ അഞ്ച് ട്രെയിന്‍ അപകടങ്ങളാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു.