“മോദിയെയും കാണ്മാനില്ല”: വാരണാസിയില്‍ പോസ്റ്ററുകള്‍

single-img
20 August 2017

വാരണാസി: സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയേയും കാണാനില്ലെന്നു കാണിച്ച് പ്രതിഷേധ പോസ്റ്ററുകള്‍. എംപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

താങ്കള്‍ ഏത് രാജ്യത്താണെന്ന് അറിയാന്‍ കഴിയുന്നില്ലെന്ന വാചകത്തോടെ മോദിയുടെ ചിത്രമടക്കം ഉള്‍പ്പെട്ടതാണ് പോസ്റ്റര്‍. വാരണാസിയിലെ എംപിയെ അവസാനമായി മണ്ഡലത്തില്‍ കണ്ടത് മാര്‍ച്ച് നാല് മുതല്‍ ആറ് വരെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റാലിക്കിടെയാണെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. എംപിയെ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ കാണാതായ എംപിക്ക് വേണ്ടി മിസ്സിംഗ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നു.

പോസ്റ്ററിനു താഴെ വാരണാസിയിലെ നിസ്സഹായരും നിരാശരുമായ ജനങ്ങള്‍ എന്നാണ് നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മുതല്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ശനിയാഴ്ചയോടെ പോലീസ് ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ കോടതി ചുമരിലും വാരണാസിയുടെ പ്രവേശന കവാടങ്ങളിലും പോസ്റ്റര്‍ പതിപ്പിച്ചിരുന്നു.

ഈ വര്‍ഷം മാര്‍ച്ചിലാണ് മോദി അവസാനമായി വാരണാസി മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയത്. പോസ്റ്റര്‍ പതിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രാദേശിക ബിജെപി നേതൃത്വം പ്രതികരിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലങ്ങളില്‍ തിരിഞ്ഞു നോക്കാത്ത നേതാക്കന്‍മാര്‍ക്കെതിരെ പോസ്റ്ററുകളൊട്ടിച്ചുള്ള പ്രതിഷേധം ഉത്തര്‍പ്രദേശില്‍ വ്യാപകമാവുകയാണിപ്പോള്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് എംപിമാരായ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണ്മാനില്ലായെന്ന് കാണിച്ച് അവരുടെ മണ്ഡലങ്ങളായ റായ്ബലേറിയിലും അമേത്തിയിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു.