ഇങ്ങനെയാണോ കുട്ടികളെ പഠിപ്പിക്കേണ്ടത്?: കണക്ക് പഠിക്കാത്തതിന് കുട്ടിക്ക് ക്രൂരമര്‍ദ്ദനം

single-img
20 August 2017

എന്നെ ഒരല്‍പം സ്‌നേഹത്തോടെ പഠിപ്പിക്കാമോ? പഠിപ്പിക്കുന്നതിനിടയിലെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. കണക്ക് പഠിപ്പിക്കുന്നതിനിടെ ഒരു സ്ത്രീ കുട്ടിയെ ഭീഷണിപ്പെടുത്തുകയും, കരണത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആരുടെയും കരളലിയിക്കുന്നതാണ്.

ഇംഗ്ലീഷില്‍ ഒന്ന് മുതല്‍ അഞ്ച് വരെയെണ്ണുന്ന അഞ്ചോ, ആറോ വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടേതാണ് വീഡിയോ. തുടര്‍ച്ചയായി അഞ്ച് വരെ എണ്ണികൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയ്ക്ക് തെറ്റുപറ്റുന്നു. പലവട്ടം കുട്ടി തലവേദനയുണ്ട് ഇടവേള വേണമെന്ന് പറയുന്നുണ്ടെങ്കിലും കുടെയുള്ള സ്ത്രീ അത് സമ്മതിക്കുന്നില്ല. ഒടുവില്‍ കുട്ടി വീണ്ടും തെറ്റിക്കുന്നതോടെ ആ സ്ത്രീ കുട്ടിയെ തല്ലുന്നതുമാണ് വീഡിയോയിലെ ദൃശ്യം. ക്ഷമ നശിച്ച് ഒടുവില്‍ കുഞ്ഞ് ദേഷ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയം, ക്രൂരത പകര്‍ത്തി പോസ്റ്റ് ചെയ്തതാരാണെന്നോ കുട്ടിയെ തല്ലുന്നത് ആരാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. അമ്മയോ ആയയോ അധ്യാപികയോ ആകാം കുഞ്ഞിനെ ഇങ്ങനെ പീഡിപ്പിക്കുന്ന സ്ത്രീ.

സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചെറിയ കുട്ടികളെ തല്ലുന്ന മാതാപിതാക്കള്‍ക്ക് ഉപദേശവുമായി നിരവധി പ്രമുഖര്‍ വീഡിയോ ഷെയര്‍ ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇത് വേദനാജനകമാണ്. കുട്ടിയുടെ വേദനയേയും വിഷമത്തേയും കണക്കിലെടുക്കാതെ തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള ശ്രമം ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെ പ്രതികരണം. നിര്‍ബന്ധിച്ചതുകൊണ്ട് ഒരു കുട്ടിയ്ക്ക് ഒന്നും പഠിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു.

ഞാന്‍ അപേക്ഷിക്കുകയാണ് നിങ്ങള്‍ കുട്ടികളുടെ അടുത്ത് ക്ഷമയോടെയിരിക്കുക. ഓരോ കുട്ടിയും പഠിക്കുന്നത് അവരുടെ പ്രവര്‍ത്തിയിലൂടെയാണ്. അവരെ തല്ലുന്നതില്‍ നിന്നും അപമാനിക്കുന്നതില്‍ നിന്നും നിങ്ങള്‍ പിന്മാറുക എന്നായിരുന്നു ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തത്. ഇത് ഹൃദയവേദന തരുന്നതാണ്. കുട്ടികളെ ഇങ്ങനെയല്ല വളര്‍ത്തേണ്ടതെന്നും അവര്‍ക്ക് കൊടുക്കേണ്ടത് സ്‌നേഹവും പരിഗണനയുമാണെന്നായിരുന്നു ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ട്വീറ്റ് ചെയ്തത്.