വര്‍ഗീയവിഷം ചീറ്റി കേന്ദ്ര ആഭ്യന്തരസഹമന്ത്രി: ‘മലപ്പുറത്ത് മാസംതോറും ആയിരം പേരെ മതം മാറ്റുന്നു’

single-img
20 August 2017

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ വ്യാപകമായ മതംമാറ്റം നടക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിര്‍. മലപ്പുറത്ത് മാസം തോറും ആയിരത്തോളം ആളുകളാണ് മതം മാറുന്നതെന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെ ആണ് ഒരുമാസം മതംമാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് മുസ്ലിമാക്കുന്നത്. മേയില്‍ ഞാന്‍ കേരളത്തില്‍ പോയിരുന്നു. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സംസ്ഥാനസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും’ അദ്ദേഹം പറഞ്ഞു.

ഹാദിയ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്‍ഐഎ ഇപ്പോള്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനാവുമെന്നും മന്ത്രി വ്യക്തമാക്കി.