ഓണത്തിന് 25 രൂപയ്ക്ക് ജയ അരി കിട്ടും

single-img
20 August 2017

തിരുവനന്തപുരം: ഓണത്തിന് ആന്ധ്രയില്‍നിന്നുള്ള ജയ അരി 25 രൂപയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സപ്‌ളൈകോ വഴി സബ്‌സിഡി നിരക്കിലാണ് അരി വില്‍ക്കുക. 5000 ടണ്‍ ജയ അരിയാണ് വിപണിയിലെത്തിക്കുന്നത്. പത്തുവര്‍ഷത്തിനു ശേഷമാണ് സപ്‌ളൈകോ നേരിട്ട് ആന്ധ്രയില്‍നിന്ന് അരിവാങ്ങുന്നത്. പൊതുവിപണിയില്‍ 44 രൂപവരെ വിലയുള്ള ജയ അരി കിലോയ്ക്ക് 19 രൂപ കുറച്ചാണ് ഓണത്തിന് നല്‍കുന്നത്.

ആന്ധ്രയില്‍ നിന്നുള്ള ആദ്യലോഡ് 23 ന് എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഈ മാസം 27 ഓടെ മുഴുവന്‍ ലോഡ് അരിയും കേരളത്തിലെത്തും. ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂര്‍ത്തിയുമായി നടത്തിയ ചര്‍ച്ചയിലാണ് 5000 ടണ്‍ അരി കേരളത്തിന് നല്‍കാന്‍ ധാരണയായത്.