ഭൂമി കൈയേറ്റം തെളിഞ്ഞാല്‍ അന്‍വറിനും, തോമസ് ചാണ്ടിക്കുമെതിരെ നടപടിയെന്ന് റവന്യുമന്ത്രി

single-img
20 August 2017

എംഎല്‍എമാരായ പിവി അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരായ ഭൂമി കയ്യേറ്റ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കി.

കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ, കോഴിക്കോട് കളക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയതായി റവന്യുമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവമല്ല ഇത്. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടതോടെ സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണെന്നും മന്ത്രി പ്രതികരിച്ചു.

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി വന്‍ തോതില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കാട്ടരുവിയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. ആര് കയ്യേറ്റം നടത്തിയാലും ഒഴിപ്പിക്കുമെന്നും റവന്യുമന്ത്രി പറഞ്ഞു.