ദുബായ് പോലീസിനോട് ‘കളി വേണ്ട’: 12 മിനിറ്റിനുള്ളില്‍ ചീറി പാഞ്ഞെത്തും

single-img
20 August 2017

ദുബായ്: പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ എന്നും മുന്നിലാണ് ദുബായ് പൊലീസ്. റോഡില്‍ കുടുങ്ങുന്ന വാഹനം പൊരിവെയിലത്തു പോലും തള്ളിക്കൊടുക്കാന്‍ വരെ ദുബായ് പൊലീസ് തയ്യാറാകാറുണ്ട്. ഏതു തരത്തിലുളള അപകടമായാലും ആത്മാര്‍ത്ഥമായ സേവനവുമായി പൊലീസ് രംഗത്തെത്തും.

അപകടങ്ങളും മറ്റു അനിഷ്ട സംഭവങ്ങളും നേരിടാന്‍ ദുബയ് പോലീസിന് 12 മിനിറ്റ് കൊണ്ട് സാധിക്കുമെന്നാണ് ദുബയ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി വ്യക്തമാക്കുന്നത്. ഇത്തരം കേസുകളില്‍ 90 ശതമാനവും ശരാശരി 12 മിനിറ്റ് കൊണ്ട് സാധിച്ചതായി അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് ആക്‌സിഡന്റ് റിപ്പോര്‍ട്ട് സര്‍വ്വീസ് വഴി ചെറിയ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ പടം എടുത്ത് അയച്ച് പോലീസ് സംഭവ സ്ഥലത്ത് എത്താതെ തന്നെ അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ സാധിക്കുന്നത് കാര്യങ്ങള്‍ എളുപ്പത്തിലാക്കുന്നു.

പൊതുജനങ്ങള്‍ ഏറെ സഹകരിക്കുന്ന ഈ രീതി പാതകളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഏറെ സഹായകമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പോലീസിന്റെ അടിയന്തിര നമ്പറിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് 8 ലക്ഷം പേര്‍ ഫോണ്‍ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.6 ലക്ഷം പേരാണ് ഈ ഫോണില്‍ ബന്ധപ്പെട്ടിരുന്നത്.