ഇവനെയൊക്കെ അച്ഛനെന്ന് വിളിക്കാമോ?: കാമുകിയെ സ്വന്തമാക്കാന്‍ മകളെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

single-img
20 August 2017

ന്യൂഡല്‍ഹി: കാമുകിയെ വിവാഹം കഴിക്കാന്‍ ഏഴു വയസ്സുള്ള മകളെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ഡല്‍ഹിക്ക് സമീപം അമാന്‍ വിഹാര്‍ സ്വദേശി ധരംവീറാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് ആണ്‍മക്കളെ കൂടി ഇയാള്‍ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെങ്കിലും ഭാഗ്യവശാല്‍ കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ മഞ്ഞപ്പിത്തം ബാധിച്ചാണ് ധരംവീറിന്റെ ഭാര്യ മരിച്ചത്. ഇതോടെ അയാള്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി. ആദ്യബന്ധത്തിലെ മൂന്നു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് കാമുകി വ്യക്തമാക്കിയതോടെയാണ് ഈ കടുംകൈ ചെയ്യാന്‍ ധരംവീര്‍ തയ്യാറായത്.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തന്റെ അനന്തരവന്‍ സഞ്ജയിനെ വിളിച്ച് 30,000 രൂപ നല്‍കിയ ധരംവീര്‍ കുട്ടികളെ ഓരോരുത്തരെയായി കൊല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്വഭാവിക മരണമെന്ന് തോന്നുന്ന വിധത്തില്‍ കൊലപാതകം നടത്താനായിരുന്നു പദ്ധതി.

തുടര്‍ന്ന് കഴിഞ്ഞ 11നാണ് മകള്‍ തനീഷയെ ഇവര്‍ കൊലപ്പെടുത്തിയത്. രഹസ്യമായി മൃതദേഹം മറവു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്.

ഇക്കാര്യം പോലീസ് പിതാവിനെ അറിയിച്ചുവെങ്കിലും പരാതി നല്‍കാന്‍ അയാള്‍ തയ്യാറായില്ല. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ സഞ്ജയ് ഒളിവില്‍ പോയതായി കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ധരംവീറും സഞ്ജയും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.

കുട്ടികളെ കൊല്ലാന്‍ പിതാവ് 30,000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും മുന്‍കൂറായി 5000 രൂപ നല്‍കിയിരുന്നുവെന്നും സഞ്ജയ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കുടുംബത്തിലെ മറ്റുചിലര്‍ക്കും ഈ ക്രൂരകൃത്യത്തില്‍ പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്.