നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും അറസ്റ്റില്‍

single-img
20 August 2017

ഹൈദരാബാദ്: സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സംവിധായകനും നടനും അറസ്റ്റില്‍. തെലുങ്ക് നടന്‍ ശ്രുജന്‍, സംവിധായകന്‍ ചലപതി എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വിജയവാഡ പോലീസ് അറസ്റ്റ് ചെയ്ത ഇരുവരേയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കന്നഡ സിനിമാതാരം ശ്രുജനും തെലുങ്ക് സംവിധായകന്‍ ചലപതിയും ഓടുന്ന കാറില്‍വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആഗസ്റ്റ് 15ന് നടി പരാതി നല്‍കിയിരുന്നു. കന്നഡ താരം ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടിക്ക് വേഷ വാഗ്ദാനം ചെയ്തിരുന്നു. ആഗസ്റ്റ് 13ന് ഷൂട്ടിംഗിനായി ഹൈദരാബാദില്‍ നിന്നും ഭീമവരത്ത് എത്താനായിരുന്നു നിര്‍ദേശം. നടി അവിടേയ്ക്ക് പോകുമ്പോള്‍ കാറില്‍ സംവിധായകനും നടനും കയറുകയായിരുന്നു. ട്രെയിനില്‍ പോകാനായിരുന്നു നടി ഉദ്ദേശിച്ചിരുന്നതെങ്കിലും നടിയുടെ കാറില്‍ പോകാമെന്ന് സംവിധായകനും നടനും നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നു.

കാര്‍ വിജയവാഡയില്‍ എത്തിയപ്പോള്‍ മുതല്‍ അക്രമികള്‍ നടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദിച്ചു. വിജയവാഡ മുതല്‍ ശരീരത്ത് തൊടാനും പിടിക്കാനും തുടങ്ങി. പിന്നീട് ഇരുവരും ചേര്‍ന്ന് ബാക്ക് സീറ്റിലേക്ക് എടുത്തിട്ടു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. കാറില്‍ നിന്നും ചാടിയിറങ്ങാതിരിക്കാന്‍ അതിവേഗതയിലായിരുന്നു കാര്‍ ഓടിച്ചത്. എന്നാല്‍ നിയന്ത്രണം വിട്ട് വാഹനം ഒരു ലോറിയില്‍ ഇടിച്ചത് രക്ഷയായി. കാറില്‍ നിന്നും ഒരു വിധത്തില്‍ ഇറങ്ങി നടി രക്ഷപ്പെടുകയായിരുന്നു.