എഐഎഡിഎംകെയും എന്‍ഡിഎയിലേക്ക്: കരുക്കള്‍ നീക്കി അമിത് ഷാ

single-img
20 August 2017

ചെന്നൈ: നിതീഷ്‌കുമാറിന്റെ ജെഡിയുവിന് പിന്നാലെ തമിഴ്‌നാട്ടിലെ എഐഎഡിഎംകെയും എന്‍ഡിഎയുടെ ഭാഗമാകാന്‍ തയ്യാറെടുക്കുന്നു. ഇതിനു മുന്നോടിയായി എഐഎഡിഎംകെയിലെ പളനിസ്വാമി പക്ഷവും പനീര്‍ശെല്‍വം പക്ഷവും തമ്മിലുള്ള ലയനം തിങ്കളാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമിത് ഷാ ചെന്നൈയിലുണ്ടാകുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തന്നെ സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്താനാണ് ഇരുവിഭാഗങ്ങളുടെയും നീക്കം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തിനുള്ളില്‍ ലയനതീരുമാനമുണ്ടാകുമെന്ന് ഇന്നലെ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കിയത്.

നിലവില്‍ എഐഎഡിഎംകെയിലെ ഇരുപക്ഷവും എന്‍ഡിഎയോട് ആഭിമുഖ്യം പുലര്‍ത്തിവരുകയാണെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. സഖ്യത്തിന്റെ ഭാഗമായാല്‍ എഐഎഡിഎംകെയ്ക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം.

എഐഎഡിഎംകെയിലെ ഇരുപക്ഷങ്ങളും ഇതിനകം പലതവണ ലയനകാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയുണ്ടാകാതെ പിരിയുകയായിരുന്നു. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റാതെ ലയനം സാധ്യമല്ലെന്ന് ഉറച്ച നിലപാടിലായിരുന്നു പനീര്‍സെല്‍വം പക്ഷം. ഇതേതുടര്‍ന്നാണ് ലയനനീക്കം പാളിയത്. ജനറല്‍സെക്രട്ടറിസ്ഥാനത്ത് ശശികലയെ പാര്‍ട്ടി ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്യാമെന്ന് ഒടുവില്‍ ധാരണയായെന്നാണ് സൂചന.

ജയലളിതയുടെ മരണശേഷം ശശികല പാര്‍ട്ടിയുടെ നിയന്ത്രണമേറ്റെടുത്തുവെങ്കിലും അനധികൃത സ്വത്ത് സമ്പാദനകേസില്‍ അവര്‍ ജയിലിലായതോടെയാണ് പാര്‍ട്ടിയില്‍ പുതിയ ചേരികള്‍ രൂപപ്പെട്ടത്. ജയിലിലാകുന്നതിന് മുന്‍പ് തന്നെ, ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിപദമേറ്റ പനീര്‍ശെല്‍വത്തെ മാറ്റി എടപ്പാടി പളനിസ്വാമിയെ ശശികല മുഖ്യമന്ത്രിയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പനീര്‍ശെല്‍വം പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

എന്നാല്‍ താന്‍ ജയിലിലായതോടെ തന്റെ അനന്തിരവന്‍ ടിടിവി ദിനകരനെ പാര്‍ട്ടിയുടെ നിയന്ത്രണമേല്‍പ്പിക്കാനുള്ള ശശികലയുടെ ശ്രമമാണ് പളനിസ്വാമി പക്ഷത്തെയും അവരില്‍ നിന്ന് അകറ്റിയത്. തുടര്‍ന്നാണ് പളനി സ്വാമി പക്ഷവും പനീര്‍ശെല്‍വം പക്ഷവും ലയിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

കേന്ദ്രത്തിലെ ബിജെപിയുടെ പിന്തുണ കൂടി കിട്ടിയതോടെ ലയനനീക്കങ്ങള്‍ വേഗത്തിലായി. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ എഐഎഡിഎംകെയിലെ ഇരുപക്ഷവും എന്‍ഡിഎയെയാണ് പിന്തുണച്ചതെങ്കിലും ഔദ്യോഗികമായി സഖ്യത്തില്‍ അംഗമായിരുന്നില്ല.

പുതിയ ധാരണയനുസരിച്ച് പളനിസ്വാമി മുഖ്യന്ത്രിയായി തുടരും. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും വഹിക്കുമെന്നാണ് വിവരം. കൂടാതെ നിലവില്‍ എടപ്പാടി മന്ത്രിസഭയിലുള്ള രണ്ട് പേരെ ഒഴിവാക്കി പകരം പനീര്‍സെല്‍വം പക്ഷത്തെ മഫോയി.കെ പാണ്ഡ്യരാജനെയും സെമ്മലെയെയും മന്ത്രിമാരാക്കുമെന്നും സൂചനകളുണ്ട്.

2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ കൂടുല്‍ കക്ഷികളുമായി സഖ്യമുണ്ടാക്കി നേട്ടം കൊയ്യാനുള്ള പദ്ധതിയനുസരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും എഐഎഡിഎംകെ ലയനവിഷയത്തില്‍ ഇടപെടുന്നതും പാര്‍ട്ടിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതും എന്നാണ് വിവരം.