2019ലെ തിരഞ്ഞെടുപ്പിനെ ഉന്നംവെച്ച് ബിജെപിയുടെ മിഷന്‍ 350 പ്ലസ്;

single-img
19 August 2017

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ സീറ്റുകള്‍ പിടിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങളുമായി ബിജെപി. മിഷന്‍ 350 പ്ലസ് എന്നു പേരിട്ടിരിക്കുന്ന തിരഞ്ഞെടുപ്പു പദ്ധതിയിലൂടെ ലോക്‌സഭയില്‍ 350 സീറ്റിലേറെ നേടാനുള്ള ലക്ഷ്യമാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയ്യാറാക്കുന്നത്. ബിജെപി നേട്ടമുണ്ടാക്കിയ പുതിയ മേഖലകളില്‍ നിന്ന് 150 സീറ്റുകള്‍ അധികം പിടിക്കുകയാണു ലക്ഷ്യം.

തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതിനായി കഴിഞ്ഞദിവസം അമിത്ഷാ ഡല്‍ഹിയില്‍ യോഗം വിളിച്ചിരുന്നു. എട്ട് കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ പദ്ധതിയുടെ അവതരണം നടന്നു. സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് പദ്ധതിക്ക് അന്തിമ രൂപം നല്‍കുക. മാത്രമല്ല വിവിധ സംസ്ഥാനങ്ങളില്‍ അമിത് ഷാ നടത്തിയ യാത്രകളില്‍ ശേഖരിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉന്നത പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ അഞ്ച് ലോക്‌സഭാ സീറ്റുകള്‍ അടങ്ങുന്ന ക്ലസ്റ്ററുകളായാണ് പ്രവര്‍ത്തിക്കേണ്ടത്. ഓരോ മൂന്നുമാസം അല്ലെങ്കില്‍ നാലുമാസം കൂടുമ്പോള്‍ സര്‍വേ നടത്തി ജനങ്ങളുടെ ചിന്താഗതി മനസിലാക്കി അതിനനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് 150 സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ആറ് നേതാക്കള്‍ക്ക് ഈ സംസ്ഥാനങ്ങളുടെ ചുമതല യോഗത്തില്‍ നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്‌ദേകര്‍, അനന്ദ് കുമാര്‍, ധര്‍മേന്ദ്ര പ്രധാന്‍, പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, മനോജ് സിന്‍ഹ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. പശ്ചിമബംഗാളിന്റെ ചുമതല മന്ത്രിമാരായ ജെ പി നഡ്ഡയ്ക്കും മനോജ് സിന്‍ഹയ്ക്കുമാണ്. രവിശങ്കര്‍ പ്രസാദ് അസമിന്റെയും ധര്‍മേന്ദ്ര പ്രധാന്‍ കേരളത്തിന്റെയും പീയൂഷ് ഗോയല്‍ തമിഴ്‌നാടിന്റെയും നിര്‍മല സീതാരാമന്‍ കര്‍ണാടകയുടെയും ചുമതലയാണു വഹിക്കുന്നത്.

ഇവരെ കൂടാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, അനന്ദ്കുമാര്‍, മനോജ് സിന്‍ഹ, ഉത്തര്‍പ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്, ബിജെപി ദേശീയ സെക്രട്ടറി മഹേന്ദ്ര സിങ്, മുംബൈ പാര്‍ട്ടി അധ്യക്ഷന്‍ ആഷിഷ് ഷെലാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ നേതാക്കള്‍ക്ക് അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വിവിധ സംസ്ഥാനങ്ങളുടെ ചുതലകള്‍ നല്‍കും. ഇവര്‍ അതാത് സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും പ്രാദേശിക നേതാക്കളുമായി സംവദിക്കുകയും വേണം.

നിലവിലുള്ള സീറ്റുകളില്‍ 150 എണ്ണത്തില്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയിരുന്നു. 600 മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുക. ഓരോരുത്തര്‍ക്കും ഓരോ ലോക്‌സഭാ സീറ്റുകളില്‍ മേല്‍നോട്ട ചുമതലകളുണ്ടാകും. ഹിന്ദി ബെല്‍റ്റ് മേഖലകളില്‍ നിന്ന് അടുത്ത തവണ തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി സ്വാധീനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബി.ജെ.പി പദ്ധതി തയ്യാറാക്കുന്നത്.