കായംകുളത്ത് പത്തു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

single-img
19 August 2017

പ്രതീകാത്മക ചിത്രം

കായംകുളം: കായംകുളത്തുനിന്ന് പത്ത് കോടി രൂപയുടെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. കായംകുളം സി.ഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെക്കൂടി തൊട്ടുപിന്നാലെ പിടികൂടി. പാലക്കാട് സ്വദേശികളാണ് പിടിയിലായ അഞ്ചുപേരും. 500ന്റെയും, 1000ന്റെയും അസാധു നോട്ടുകളാണ് കാറില്‍ കടത്താന്‍ ശ്രമിച്ചത്.

വിശദമായ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ഉടന്‍ കായംകുളത്തെത്തും. അടുത്തിടെ ചേര്‍ത്തലയില്‍നിന്നും അസാധു നോട്ടുകള്‍ പിടികൂടിയിരുന്നു. ചേര്‍ത്തലയിലെ സംഘവുമായി അസാധുനോട്ട് കടത്തിയ സംഘത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പിടികൂടിയ അസാധു നോട്ടുകള്‍ പോലീസ് കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. പത്ത് കോടിയുടെ നോട്ടുകള്‍ ഉണ്ടെന്നാണ് പിടിയിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. അതേസമയം അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.