കോഴിക്കോട്ട് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ് പത്തു വയസുകാരിയായ സഹോദരിയേയും പീഡിപ്പിച്ചു

single-img
19 August 2017

കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ്, പെണ്‍കുട്ടിയുടെ പത്ത് വയസുകാരിയായ സഹോദരിയെയും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കുന്ദമംഗലത്തെ ബിജെപി നേതാവ് മുരളിയെയും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കുന്ദമംഗലം ശിവഗിരിയിലെ 16കാരിയെയും സഹോദരിയെയുമാണ് നേതാവും സംഘവും പീഡിപ്പിച്ചത്. ശിവഗിരിയിലെ 16കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പിതാവ് പീഡിപ്പിച്ചു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കുന്ദമംഗലത്തെ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ മുരളിയുടെ നേതൃത്വത്തില്‍ സ്വന്തം പിതാവുള്‍പ്പെടെ 10 പേരാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്.

ഏഴാം ക്ലാസ് മുതല്‍ മുരളി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. കൂടാതെ ബാലുശേരി, കാക്കൂര്‍, താമരശേരി ഭാഗങ്ങളിലെ മറ്റ് പലര്‍ക്കും മുരളി ഈ പെണ്‍കുട്ടിയെ കാഴ്ചവച്ചു. പെണ്‍കുട്ടി പൊലീസിനും ചൈല്‍ഡ് ലൈനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി പ്രതികളെ് അറസ്റ്റ് ചെയ്യുകയായിരുന്നു. വയനാട് സ്വദേശി രഞ്ചിത്ത്, മുസമ്മില്‍, ബൈജു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ തുടങ്ങി 10 പേരാണ് കേസിലെ പ്രതികള്‍.

കോഴിക്കോട് നോര്‍ത്ത് എസിപി പൃഥ്വിരാജിന്റ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ എണ്ണം 10ല്‍ ഒതുങ്ങില്ലെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് തങ്ങളുടെ നിഗമനമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് സഹോദരിയുടെ പീഡനവിവരം കൂടി പുറത്തു വരുന്നത്.