‘കാറു വേണ്ട സര്‍, ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീടു മതി’: മന്ത്രിയോട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം രാജേശ്വരി ഗെയ്കവാദ്

single-img
19 August 2017

ബെംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നുകേട്ടാല്‍ ആരാധകരുടെ മനസ്സില്‍ ആദ്യം വരുന്ന പേരുകള്‍ സച്ചിനും സേവാഗുമെല്ലാമായിരുന്നു. എന്നാല്‍, ഈ ഒരവസ്ഥയ്ക്ക് വലിയ മാറ്റമാണ് കഴിഞ്ഞ വനിതാ ലോകകപ്പ് ക്രിക്കറ്റിലൂടെ സംഭവിച്ചത്. ആരും അത്ര ശ്രദ്ധിക്കാതിരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം, ലോകകപ്പിന്റെ നെറുകയില്‍ വരെ എത്തിയപ്പോള്‍ ടീമംഗങ്ങള്‍ക്ക് കാര്‍, ഭൂമി, ക്യാഷ് പ്രൈസ് എന്നിങ്ങനെ ഓഫറുകളുടെ പെരുമഴയായിരുന്നു പിന്നീടങ്ങോട്ട്.

ടീമിലെ മികച്ച ബൗളര്‍മാരിലൊരാളായ രാജേശ്വരി ഗെയ്കവാദ് വനിതാ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ന്യൂസീലന്‍ഡിനെതിരേ നടത്തിയത്. വെറും 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയാണ് രാജേശ്വരി കര്‍ണാടകത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായത്. 71-ാം സ്വാതന്ത്യ ദിനത്തില്‍ രാജേശ്വരിക്കും ഒരു ഓഫര്‍ വന്നു. കര്‍ണാടക ജലവിഭവ മന്ത്രി എംബി പാട്ടീലാണ് രാജേശ്വരിക്ക് കാര്‍ വാഗ്ദാനം ചെയ്തത്. പിന്നാലെ താരത്തിന്റെ മറുപടി ട്വിറ്ററില്‍ എത്തി.

മന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് താരം പറഞ്ഞത്’കാറു വേണ്ട സാര്‍.. എനിക്കും കുടുംബത്തിനും താമസിക്കാന്‍ ഒരു വീട് തന്നാല്‍ മതി. അമ്മയും, സഹോദരങ്ങളും ഉള്‍പ്പെടുന്ന എന്റെ കുടുംബം ദയനീയ അവസ്ഥയിലാണ് കഴിയുന്നത്. ഞങ്ങള്‍ക്ക് ആവശ്യവും നിലവില്‍ ഒരു വീടാണ്’ എന്നായിരുന്നു. താരത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയും രംഗത്തെത്തി. എന്നാല്‍ താരത്തിന്റെ ആവശ്യത്തോട് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിജയപുര വനിതാ ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് രാജേശ്വരി ക്രിക്കറ്റില്‍ പിച്ചവച്ചുതുടങ്ങിയത്. ഇരുപത്തിയാറുകാരിയായ രാജേശ്വരിയുടെ അരങ്ങേറ്റം 2014 ജനുവരി 19-ന് ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു. ബാറ്റിങ്ങും ബൗളിങ്ങും വഴങ്ങുമെങ്കിലും ബൗളിങ്ങിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.

2015-ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മത്സരം കാണുന്നതിനിടെയായിരുന്നു രാജേശ്വരിയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അമ്മയും നാലു സഹോദരിമാരുമുണ്ട് രാജേശ്വരിക്ക്. നെഹ്രുനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേശ്വരിയുടെ സ്വപ്നം സ്വന്തമായൊരു വീടാണ്.