പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക് അധീന കശ്മീരില്‍ വന്‍ പ്രകടനം

single-img
19 August 2017

ജന്താലി: പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക് അധീന കശ്മീരില്‍ വന്‍ പ്രകടനം. ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജന്താലിയില്‍ നടന്ന റാലിയില്‍ നിരവധിപേരാണ് പങ്കെടുത്തത്.

മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനായി ഭീകരരെ ഇവിടേയ്ക്ക് അയക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രമുഖനേതാവ് ലിഖായത്ത് ഖാന്‍ ആവശ്യപ്പെട്ടു.

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടും പാകിസ്താന്‍ ഇവിടെ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും നേരത്തെയും ഇവിടെ പ്രകനടങ്ങള്‍ നടന്നിരുന്നു. ഈ മാസം ആദ്യം പാക് അധീന കശ്മീരിലെ മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവായ മിസ്ഫാര്‍ ഖാനും പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുന്നതിന് പാകിസ്താനെ കുറ്റപ്പെടുത്തിയിരുന്നു. പ്രദേശം കൊള്ളയടിക്കപ്പെടുന്നതില്‍ പാകിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തിയ അദ്ദേഹം ഗില്‍ഗിറ്റ് ബാള്‍ട്ടി മേഖല ഒരുകാലത്തും പാകിസ്താന്റെ ഭാഗമായിരുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

ഈ മേഖലയിലെ ജനങ്ങളെ അടിമകളെപ്പോലെയാണ് പാക് ഭരണാധികാരികള്‍ കാണുന്നതെന്ന് മറ്റൊരു നേതാവായ തയ്ഫൂര്‍ അക്ബറും ആരോപിച്ചിരുന്നു. ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. പുസ്തകങ്ങള്‍ വായിക്കുന്നതുപോലും വിലക്കപ്പെടുകയാണ്. ഈ മേഖലയിലെ ജനങ്ങളെ വഞ്ചകരെന്നാണ് പാക് അധികാരികള്‍ വിളിക്കുന്നതെന്നും പ്രദേശവാസികളെ അകാരണമായി കേസുകള്‍ ചുമത്തി ജയിലുകളിലടയ്ക്കുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നടന്ന പാക് പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പില്‍ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിച്ച് മേഖലയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്.

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തില്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍ -എന്‍)ന് അനുകൂലമായി മേഖലയിലെ വോട്ടുകളില്‍ കൃത്രിമം കാണിച്ചെന്നും പലരെയും വോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.