ഗോരഖ്പൂര്‍ ആവര്‍ത്തിക്കുമോ?:മഹാറാണി മെഡിക്കല്‍ കോളജിലും ഓക്സിജന്‍ വിതരണം പ്രതിസന്ധിയില്‍

single-img
19 August 2017

ലഖ്നൗ: ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരണപ്പെട്ട ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയുടെ അവസ്ഥ മറ്റു മെഡിക്കല്‍ കോളജുകള്‍ക്കും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി ആശുപത്രിയിലും ഓക്സിജന്റെ ക്ഷാമം മൂലം ദുരന്തം ആവര്‍ത്തിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നുവെങ്കിലും കരാറുകാരന്റെ കാരുണ്യം കൊണ്ട് തത്കാലത്തേക്ക് വഴിമാറുകയായിരുന്നു.

36 ലക്ഷം രൂപയാണ് ഇവിടെ ഓക്‌സിജന്‍ വിതരണക്കാരന് കുടിശ്ശികയുണ്ടായിരുന്നത്. കരാര്‍ പോലും പുതുക്കിയിരുന്നില്ല. ഏത് നിമിഷവും വിതരണം നിര്‍ത്തിയേക്കാമെന്ന സ്ഥിതി നിലനില്‍ക്കെ ഗോരഖ്പൂര്‍ ദുരന്തത്തിന് പിന്നാലെ ആഗസ്റ്റ് 14ന് സര്‍ക്കാര്‍ അടിയന്തിരമായി പണം അനുവദിക്കുകയായിരുന്നു. ഗോരഖ്പൂരിലെ സംഭവത്തിനു പിന്നാലെ പെട്ടെന്ന് പണം അനുവദിച്ചെങ്കിലും കാലാവധി കഴിഞ്ഞിട്ടും കരാര്‍ പുതുക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടല്ല.

700 കിടക്കകളുള്ള മഹാറാണി ലക്ഷ്മി ഭായി ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം ഒരു ഏജന്‍സിയെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഇതിനു പുറമെ മാര്‍ച്ച് മാസം വരെയുള്ള കരാര്‍ മാത്രമാണ് ഇവരുമായി ആശുപത്രിക്കുണ്ടായിരുന്നത്. കരാര്‍ അവസാനിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും കരാര്‍ പുതുക്കാനോ മറ്റ് എജന്‍സിക്ക് നല്‍കാനോ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. എങ്കിലും വിതരണക്കാരായ ഗൗരി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോഴും ഓക്‌സജന്‍ നല്‍കുന്നുണ്ട്.

എന്നാല്‍ കരാര്‍ പുതുക്കാത്തതിനാല്‍ ഇവര്‍ വിതരണം നിര്‍ത്തിയാലും നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും വളരെ കുറഞ്ഞ ഓക്സിജന്‍ ശേഖരം മാത്രമാണ് ഇവിടെയുള്ളത് എന്നുമാണ് ഡോക്ടര്‍മാരുടെ വിശദ്ധീകരണം. എന്നാല്‍ ഗോരഖ്പൂര്‍ ആശുപത്രിയില്‍ നേരിട്ടപോലെ ഒരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ എന്‍.എസ് സെന്‍ഗര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഏഴ് ജില്ലകളും മധ്യപ്രദേശിലെ ചില ജില്ലകളും ആശ്രയിക്കുന്നത് ഈ ആശുപത്രിയെ ആയതിനാല്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. എന്നാല്‍, പരമാവധി പത്ത് മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജനാണ് ഇവിടെ കരുതല്‍ ശേഖരമായുള്ളത്. ഒരു ദിവസം 120 മുതല്‍ 150 വരെ ജംബോ സിലണ്ടറാണ് ഇവിടെ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ആശുപത്രിക്ക് സര്‍ക്കാര്‍ ആറു കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ലഭിച്ചതാകട്ടെ നാലു കോടിയും. ഈ തുക ഏറെയും മരുന്നിനും മറ്റുമായി ലെവഴിച്ചു. അവശേഷിക്കുന്ന രണ്ട് കോടി ചെലവഴിക്കാന്‍ ആശുപത്രിക്ക് കഴിഞ്ഞിട്ടുമില്ല. ആശുപത്രിയിലെ അടിസ്ഥാന സൗകര്യമില്ലായ്മയെ കുറിച്ച് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വ്യാപകമായ പരാതിയാണുള്ളത്.