ഗാരഖ്പുര്‍മെഡിക്കല്‍ കോളജ് സന്ദര്‍ശനം രാഹുല്‍ ഗാന്ധി ഉപേക്ഷിച്ചു;ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും

single-img
19 August 2017

ലക്‌നൗ: പിഞ്ചുകുട്ടികളുടെ തുടര്‍മരണങ്ങള്‍ കൊണ്ട് വിവദങ്ങളില്‍ ഇടം പിടിച്ച ഗോരഖ്പുര്‍ ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപേക്ഷിച്ചു. രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു തീരുമാനം മാറ്റിയത്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുല്‍ ഗാന്ധി ഗോരഖ്പുരിലെത്തിയത്.

പുറത്തുനിന്നുള്ളവര്‍ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ വാര്‍ഡുകളിലും കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണു രാഹുല്‍ ഗാന്ധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കിയത്. എന്നാല്‍, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ക്ക് ഊര്‍ജം പകരാനായാണു രാഹുല്‍ ഗാന്ധി ഗോരഖ്പുര്‍ സന്ദര്‍ശിക്കുന്നത്.ആശുപത്രിയിലെത്തുന്ന രാഹുല്‍, ജപ്പാന്‍ജ്വരം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഗോരഖ്പുര്‍ ദുരന്തത്തിന് കാരണമെന്ന് മുന്‍ മുഖ്യ മന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവ ത്തില്‍ സുപ്രീംകോടതി ജ!ഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.