ഇന്‍ഫോസിസ് സി.ഇ.ഒ വിശാല്‍ സിക്ക രാജിവച്ചു

single-img
18 August 2017

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍ പദവികളില്‍ നിന്നു വിശാല്‍ സിക്ക രാജിവച്ചു. വ്യക്തിപരമായ ആക്രമണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് സിക്ക വ്യക്തമാക്കി. വിവരം സ്ഥിരീകരിച്ച കമ്പനി സെക്രട്ടറി എ.ജി.എസ്. മണികന്ദ, പ്രവീണ്‍ റാവുവിനെ ഇടക്കാല സിഇഒ ആയി നിയമിച്ചതായും സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ പദവിയില്‍ തുടരുമെന്നും വ്യക്തമാക്കി.

തന്ത്രപരമായ കാര്യങ്ങളില്‍ മുന്‍കരുതലെടുക്കുക, ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതികമേഖലയിലെ വികസനം തുടങ്ങിയവയായിരിക്കും സിക്കയുടെ പുതിയ ചുമതലകള്‍. ഇന്‍ഫോസിസിന്റെ ബോര്‍ഡിനായിരിക്കും സിക്ക റിപ്പോര്‍ട്ടു ചെയ്യേണ്ടത്. ഇടക്കാല സിഇഒ, എംഡി പദവികളില്‍ നിയമിക്കപ്പെട്ട പ്രവീണ്‍ റാവു സിക്കയ്ക്കായിരിക്കണം റിപ്പോര്‍ട്ടു ചെയ്യേണ്ടതെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്‍ഫോസിസിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏകാഗ്രത നഷ്ടമാകും വിധം ഉണ്ടായ വ്യക്തിപരമായ ആക്രമണങ്ങള്‍ മൂലം കമ്പനിയെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സിക്ക രാജിക്കത്തില്‍ പറയുന്നു.

ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആണ് വിശാല്‍ സിക്ക. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയടക്കം പലതവണ പരസ്യമായി തന്നെ അതൃപ്തി അറിയിച്ചു രംഗത്തെത്തിയിരുന്നു. ഇന്‍ഫോസിസിന്റെ ഓഹരികളില്‍ വലിയ ഇടിവുണ്ടായതിനു പിന്നാലെയാണ് രാജി. സിക്കയുടെ രാജിയില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഫോസിസ് ബോര്‍ഡ്, അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും അറിയിച്ചു. 2014 ലാണ് സിക്ക ഇന്‍ഫോസിസിന്റെ സി.ഇ.ഒ സ്ഥാനത്തെത്തുന്നത്.