സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണശ്രമം; അഞ്ച് ഭീകരരെ വധിച്ചു

single-img
18 August 2017

മാഡ്രിഡ്: സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. ബാഴ്‌സലോണക്ക് പിന്നാലെ കാംബ്രില്‍സിലും ആക്രമണം നടത്താനുളള ഭീകരരുടെ ശ്രമം തകര്‍ത്ത പോലീസ് അഞ്ച് ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചാണ് കാംബ്രില്‍സിലും ആക്രമണത്തിനു മുതിര്‍ന്നത്. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ബാഴ്‌സലോണയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ലാസ് റാംബ്ലാസിലാണ് ആദ്യം ഭീകരാക്രമണമുണ്ടായത്. വാന്‍ ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 13 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15ഓളം പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

ഇതിനിടെ അല്‍കാനറില്‍ വീടിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാന്‍ ആക്രമണങ്ങള്‍ക്കും ഈ സ്‌ഫോടനത്തിനും തമ്മില്‍ ബന്ധമുണ്ടോ എന്ന പരിശോധനയില്‍ ആണ് പോലീസ്. രണ്ടാമതും ആക്രമണം നടത്താന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മെട്രോ ട്രെയിന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

അതേസമയം ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊറോക്കോ, മെല്ലില്ല സ്വദേശികളാണ് അറസ്റ്റിലായവരെന്നാണ് വിവരം. ആക്രമണവുമായി ബന്ധമുള്ള ഒരാള്‍ വെടിവെപ്പില്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ദ്രിസ് ഔബകിര്‍ എന്ന മൊറോകോ സ്വദേശിയുടെ രേഖകളുപയോഗിച്ചാണ് ആക്രമണത്തിനുപയോഗിച്ച വാഹനം വാടകയ്‌ക്കെടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടു. ദ്രിസിന്റെ രേഖകള്‍ മോഷ്ടിച്ചാണ് വാഹനം വാടകയ്‌ക്കെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റിലായവരില്‍ വാനിന്റെ ഡ്രൈവര്‍ ഇല്ലെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.