സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് വ്യാജ പ്രതികളെ നല്‍കിയതായി വെളിപ്പെടുത്തല്‍

single-img
18 August 2017

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കാട്ടാക്കട അശോകന്‍ വധക്കേസിലെ പ്രതി ശ്രീകാന്ത് രംഗത്ത്. തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതൃത്വം വ്യാജ പ്രതികളെ നല്‍കിയെന്നാണ് അമ്പലക്കാല സ്വദേശി ശ്രീകാന്തിന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ തന്നേയും കേസിലെ ഒന്‍പതാം പ്രതി സുരേഷിനേയും പ്രതികളാക്കുകയായിരുന്നെന്ന് ശ്രീകാന്ത് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. കേസില്‍ പ്രതിയായ തന്റെ ഒരു സുഹൃത്തിനെ സംഭവമറിഞ്ഞ് വിളിച്ചപ്പോള്‍ കാണണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് അവിടെ നിന്ന് കേസില്‍ പ്രതിയാണെന്ന് തെറ്റിധരിപ്പിച്ച് വാഹനത്തില്‍ കയറ്റി തേനിയിലേക്ക് മാറ്റുകയുമായിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷം നെയ്യാറ്റിന്‍കരയിലെ ആര്‍എസ്എസ് കാര്യാലയത്തിലെത്തിക്കുകയും അവിടെ നിന്നും ഒരു രാത്രി ഏറെ വൈകി നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കൊണ്ടുപോയി പൊലീസിന് കൈമാറുകയുമായിരുന്നെന്നും ശ്രീകാന്ത് റിപ്പോര്‍ട്ടറോട് പറഞ്ഞു.

താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും സുഹൃത്ത് ബന്ധം മുതലെടുത്ത് പ്രധാന സംഘ പരിവാര്‍ പ്രവര്‍ത്തകരെ രക്ഷിക്കാനാണ് നേതൃത്വം തന്നെ പ്രതിയാക്കിയതെന്നും ശ്രീകാന്ത് പറയുന്നു. സത്യം തുറന്ന് പറഞ്ഞതോടെ തനിക്കെതിരെ അക്രമമുണ്ടായതായും ശ്രീകാന്ത് പറഞ്ഞു. തന്റെ ജീവന്‍ രക്ഷിക്കണമെന്ന് കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശ്രീകാന്ത് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ കേസിലെ എട്ടാം പ്രതിയാണ് ശ്രീകാന്ത്.

2013 മെയ് അഞ്ചിനാണ് തിരുവനന്തപുരം കാട്ടാക്കട അമ്പലക്കാല സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ അശോകന്‍ കൊല്ലപ്പെടുന്നത്. ആര്‍എസ്എസ് ബ്ലേഡ് മാഫിയാസംഘത്തിന്റെ ഗുണ്ടാവിളയാട്ടം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അശോകനെ കൊലപ്പെടുത്തിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ തലയ്‌ക്കോണം സ്വദേശി ശംഭു, കുച്ചപ്പുറം സ്വദേശികളായ അമ്പിളി എന്ന ചന്ദ്രമോഹന്‍, ഉണ്ണി, കുളവിയോട് സ്വദേശി കൊച്ചു, അണ്ണി സുരേഷ്, വിഷ്ണു, അഖില്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.