രമ്യ നമ്പീശനെ മുഖ്യസാക്ഷിയാക്കും?: ദിലീപിനെതിരെ കരുക്കള്‍ നീക്കി അന്വേഷണസംഘം

single-img
18 August 2017

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും ഗൂഢാലോചന കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടനെതിരെ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘമിപ്പോള്‍.

ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചതോടെയാണ് രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രം തയ്യാറാക്കുന്നത്.
ഇതിനായി കേസിലെ സാക്ഷിപ്പട്ടിക പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു.

നടിയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ രമ്യ നമ്പീശനെ കേസില്‍ മുഖ്യസാക്ഷിയാക്കും. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞ ദിവസം രമ്യ നമ്പീശന്റെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ മുഖ്യസാക്ഷിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നടിയുടെ അടുത്ത സുഹൃത്താണ് രമ്യ. സംഭവത്തിന്റെ തുടക്കം മുതല്‍ നടിക്കൊപ്പം നില്‍ക്കുന്ന വ്യക്തിയുമാണ് രമ്യ. രമ്യയുടെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു നടി ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ശേഷം കുറച്ച് ദിവസം നടി കഴിഞ്ഞതും രമ്യയുടെ വീട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് നടിയില്‍ നിന്ന് മൊഴിയെടുത്തതും മുഖ്യസാക്ഷിയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതും.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപും പള്‍സര്‍ സുനിയുമായി ചേര്‍ന്ന് പല സ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നിലവില്‍ കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് സൂചന. എന്നാല്‍ കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ പൊലീസിനായിട്ടില്ല. തെളിവു നശിപ്പിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ കേസില്‍ 13 പ്രതികളാണുള്ളത്.

കേസില്‍ ദിലീപ് സമര്‍പ്പിച്ച രണ്ടാം ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 22 ലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ഹര്‍ജി പരിഗണനയ്ക്ക് വന്നെങ്കിലും പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹാജരാകേണ്ട ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടത്.