ചരിത്രം തീര്‍ത്ത് രാജഗിരി ഹോസ്പിറ്റലിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍

single-img
18 August 2017

കൊച്ചി: ഇരുപത്തി രണ്ട് ആഴ്ചയും നാലു ദിവസവും പ്രായമുള്ളപ്പോള്‍ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളെ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് കൊച്ചി രാജഗിരി ഹോസ്പിറ്റലിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍.

ഇവരോടൊപ്പം നഴ്‌സുമാരും ലാബ് ടെക്‌നീഷ്യന്മാരും ഉള്‍പ്പെടെ അമ്പതിലേറെ പേര്‍ രാവും പകലും ഓരോ നിമിഷവും അത്രയേറെ കരുതലോടെ പ്രയത്‌നിച്ചാണ് ഈ പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ കാത്തു രക്ഷിച്ചത്.

24 ആഴ്ചയില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തെടുത്ത സംഭവം തന്റെ ഒര്‍മ്മയിലില്ലെന്നാണ് കാനഡയിലും യുകെയിലുമൊക്കെ ജോലി ചെയ്ത രാജഗിരി ഹോസ്പിറ്റലിലെ നിയനറ്റോളജിസ്റ്റായ ഡോ. മധുശങ്കര്‍ അഭിപ്രായപ്പെട്ടത്.

ഇരുപത്തി രണ്ടാമത്തെ ആഴ്ചയില്‍ പുറത്തെടുത്ത കുഞ്ഞുങ്ങളെ ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റി കൃത്രിമ ശ്വാസം നല്‍കുകയാണുണ്ടായത്. പൊക്കിള്‍ക്കൊടിയിലൂടെ തന്നെയാണ് ഗ്ലൂക്കോസും മറ്റു മരുന്നുകളും നല്‍കിയത്.

തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവാതെ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തു. അണുബാധയായിരുന്നു മറ്റൊരു പ്രശ്‌നം. ഒരാഴ്ചക്കുള്ളില്‍ കുഞ്ഞുങ്ങളുടെ ചര്‍മ്മം പൊട്ടാന്‍ തുടങ്ങി. അണുബാധയകറ്റാന്‍ ശക്തമായ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ചു. കൂടാതെ രക്തവും പ്ലാസ്മയും പ്ലേറ്റ്‌ലെറ്റും നല്‍കി.

ഒരു കുഞ്ഞിന് മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതും ആശങ്കയായി. അതും പരിഹരിച്ചു. കാഴ്ചയ്ക്കു പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതു പരിഹരിക്കാന്‍ വിദഗ്ദരെ വിളിച്ച് ഇഞ്ചക്ഷന്‍ നല്‍കി. ലേസര്‍ ട്രീറ്റ്‌മെന്റും പരീക്ഷിച്ചു. മുപ്പത്തിയേഴ് ആഴ്ച പിന്നിട്ടപ്പോള്‍ കുട്ടികള്‍ സ്വയം ശ്വസിക്കാന്‍ തുടങ്ങിയതോടെയാണ് ഡോക്ടര്‍മാര്‍ക്കും ശ്വാസം നേരെ വീണത്.

തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ട്യൂബിലൂടെ മുലപ്പാല്‍ കൊടുത്തു തുടങ്ങി. ഭാരം രണ്ടു കിലോഗ്രാമിനു മുകളിലായപ്പോള്‍ അവര്‍ ആദ്യമായി അമ്മയുടെ മുലപ്പാല്‍ നുണഞ്ഞു. 44ാമത്തെ ആഴ്ചയില്‍ ഇരുവര്‍ക്കും 2.3 കിലോഗ്രാം തൂക്കമായി. ശ്വാസോച്ഛാസവും മുലപ്പാല്‍ കുടിക്കലുമെല്ലാം സാധാരണ നിലയിലായതോടെയാണ് അമ്മയെയും കുഞ്ഞുങ്ങളെയും വീട്ടിലേയ്ക്ക് അയയ്ക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയത്. ഇനി മൂന്നര വയസ്സുവരെ മൂന്നു മാസം ഇടവിട്ട് കുട്ടികളെ പരിശോധിക്കണം.

ഡോ. മധു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഡോ. ജിനോ ജോസഫ്, ഡോ അബ്ദുള്‍ തവാബ്, ഡോ ഷിജു തോമസ്, ഡോ ജോണ്‍ തോമസ്, ഡോ ശ്രീദീപ് കെ.എസ്, ഡോ ഉമ മോഹന്‍ദാസ് എന്നവരടങ്ങിയ ഒരു വലിയ സംഘം വിശ്രമമില്ലാതെ ഈ കുരുന്നു ജീവനുകള്‍ക്കു വേണ്ടി പ്രയത്‌നിച്ചത് ചരിത്രമായിരിക്കുകയാണിപ്പോള്‍.