ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ എത്തിയത് സംഘപരിവാര്‍ അജണ്ടയുമായി ?

single-img
18 August 2017

മുസ്‌ലീം മതം സ്വീകരിച്ച ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ എത്തിയത് വിവാദമാകുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍, എന്‍.ഐ.എ അന്വേഷണം നടത്താനും മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പ്രവേശനം അനുവദിക്കാത്ത തരത്തില്‍ സുരക്ഷ ഒരുക്കാനും കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തി ഹാദിയയുടെ മാതാപിതാക്കളോട് സംസാരിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നത്.

ഹാദിയയുടെ ഭാര്‍ത്താവ് ഷഫിന്‍ ജഹാനോ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കോ ഹാദിയയെ സന്ദര്‍ശിക്കാന്‍ പൊലീസ് അനുവാദം നല്‍കിയിട്ടില്ല. ഹാദിയയെ കാണാനെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധികള്‍ക്കും പൊലീസും ഹാദിയയുടെ പിതാവും അനുമതി നിഷേധിച്ചു. അതിനിടെയാണ് രാഹുലിന്റെ കടന്നു കയറ്റം. വ്യക്തമായ താല്‍പര്യത്തോടെയാണ് രാഹുല്‍ ഹാദിയയുടെ വീട്ടിലെത്തിയതെന്ന് വ്യക്തമാക്കുന്നതാണിത്.

ഹാദിയയുടെ വീട് സന്ദര്‍ശിക്കുന്നതിനിട രാഹുല്‍ എടുത്ത സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹാദിയയും അച്ഛനും ഒരുമിച്ചിരിക്കുന്നതും അമ്മയ്‌ക്കൊപ്പമുള്ള പ്രത്യേക സെല്‍ഫിയും ഒപ്പം അമ്മ സംസാരിക്കുന്ന ദൃശ്യങ്ങളും രാഹുല്‍ പരസ്യമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാദിയ അമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായും ഹിന്ദു ദൈവങ്ങള്‍ ശരിയല്ലെന്ന് ഹാദിയ പറഞ്ഞതായും ഉള്ള മേല്‍ക്കുറിപ്പോടു കൂടിയാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ലൗവ് ജിഹാദ് ടേപ്പ് എന്ന ഹാഷ് ടാഗിലാണ് പോസ്റ്റുകളെല്ലാം.

താന്‍ ഇസ്ലാം മതത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി, ഹാദിയയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടുമെന്ന് ഹാദിയ രാഹുലിനോട് ചോദിക്കുന്നു.

‘എന്റെ ജീവിതം ഇങ്ങനെ മതിയോ..ഇതാണോ എനിക്കുള്ള ജീവിതം? ഇതാണ് എനിക്ക് ചോദിക്കാനുള്ളത്’-ഹാദിയ ചോദിക്കുന്നു. വീട്ടുകാര്‍ തന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താറുണ്ട് എന്നും ഹാദിയ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും ഹാദിയ ചോദിക്കുന്നു. എന്നാല്‍ ഹാദിയയെ മുഴുവന്‍ പറയാന്‍ രാഹുല്‍ അനുവദിക്കുന്നില്ല.

തനിക്ക് മരണം വരെ മുസ്ലിമായി തുടരണമെന്നാണ് ആഗ്രഹമെന്നും തന്നെ ആരും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും ഹാദിയ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്

കഴിഞ്ഞ ദിവസം ഹാദിയയെ കേസ് സുപ്രീംകോടതി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ക്ക് വിട്ടിരുന്നു. ഇക്കാര്യത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് എന്‍ഐഎ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.