പിസി ജോര്‍ജിനെതിരെ അക്രമത്തിനിരയായ നടി: ‘പ്രസ്താവനകള്‍ വേദനിപ്പിക്കുന്നത്’

single-img
18 August 2017

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങില്‍ ദുഖവും അമര്‍ഷവും ഉണ്ടെന്ന് നടി കമ്മീഷന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം നടിയുടെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്.

തനിക്കെതിരെ തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണ്. മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുതെന്നും ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നടപടിയില്‍ വേദനയുണ്ടെന്നും നടി പറഞ്ഞു. പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളിലും വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ നിലപാടുകളിലും തൃപ്തിയുണ്ടെന്നും നടി പറഞ്ഞതായാണ് വിവരം.

പി.സി. ജോര്‍ജ് എംഎല്‍എ നടിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്. നിര്‍ഭയ കേസിലേതു പോലെ ആക്രമിക്കപ്പെട്ടെങ്കില്‍ നടി പിറ്റേന്ന് ഷൂട്ടിങിന് പോയതെങ്ങനെ എന്നായിരുന്നു പരസ്യമായി പി.സി. ജോര്‍ജ് ചോദിച്ചത്. ഇതിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുക.

ദിലീപിനെ ന്യായീകരിച്ചും നടിയെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. താന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ അതോ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമായിരുന്നോ എന്നും കത്തില്‍ നടി ചോദിക്കുന്നുണ്ട്. നടനെ അനുകൂലിച്ച് പരസ്യമായി പി.സി ജോര്‍ജ് രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രചാരണത്തിനെതിരായ നടിയുടെ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.