പി.വി അന്‍വര്‍ എംഎല്‍എയുടെ വാദം പൊളിയുന്നു; പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെ

single-img
18 August 2017

കോഴിക്കോട്: തന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് നിയമാനുസരണമാണ് നിര്‍മ്മിച്ചതെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ വാദം പൊളിയുന്നു. പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായി.

ദുരന്ത നിവാരണ വകുപ്പ് 2016ല്‍ പുറത്തിറക്കിയ ഉത്തരവില്‍ പാര്‍ക്ക് ഇരിക്കുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും മഴക്കുഴി പോലും കുത്താന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

അതേസമയം തന്റെ വാട്ടര്‍തീം പാര്‍ക്കും പരിസരവും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും, അതിന്റെ നിര്‍മാണവും നടത്തിപ്പും നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയിലാണെന്നുമായിരുന്നു അന്‍വറിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന രേഖകള്‍.

ഇതിനു പുറമെ തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതും പരാതി നല്‍കിയിരിക്കുന്നതും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബിനാമിയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍, അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയായിരുന്നു.

കോഴിക്കോട് കക്കാടം പൊയിലിലാണ് പിവി അന്‍വര്‍ നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണ്. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുമ്പു തന്നെ പാര്‍ക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ക്കിന് പഞ്ചായത്ത് പിഴ നല്‍കുകയായിരുന്നു. കക്കാടംപൊയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എന്‍ഒസിയുടെ മറവില്‍ മുഴുവന്‍ നിര്‍മ്മിതികളും പൂര്‍ത്തിയാക്കിയത്.

1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ഇല്ല. ആയിരം ചതുരശ്ര അടി നിര്‍മ്മിതിയ്ക്ക് മുകളിലുള്ള നിര്‍മ്മാണത്തിന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് നിലമ്പൂര്‍ എംഎല്‍എ ഇതെല്ലാം കാറ്റില്‍ പറത്തി പാര്‍ക്ക് പണിതത്. വാട്ടര്‍ തീംപാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ കണ്ടിട്ടുപോലുമില്ലെന്നാണ് സിടിപി ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടി. 1409.96 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന് 900 ചതുരശ്ര അടിയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണാനുമതിയില്‍ ഉള്ളത്.